കിളികൊല്ലൂര്‍: സീബ്രാലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം കാല്‍നടയാത്രക്കാരും വിദ്യാര്‍ഥികളും ബുദ്ധിമുട്ടില്‍. സീബ്രാലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം പലപ്പോഴും കാല്‍നടയാത്രക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റോഡ് മുറിച്ച് കടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇതുമൂലം പലരും സീബ്രാലൈനിലൂടെ അല്ലാതെ ഇറങ്ങുന്നതോടെ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് സ്ഥിരംസംഭവമാണ്.
നഗരത്തിലെ എല്ലാ പ്രധാന ജങ്ഷനിലും സമാന അവസ്ഥയാണ്. ട്രാഫിക് പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും ഇത്തരം നിയമലംഘനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവെങ്കിലും കഴിഞ്ഞയാഴ്ച മുതല്‍ സീബ്രാൈലനില് വാഹനം നിര്‍ത്തുന്നവര്‍ക്കെതിരെ പൊലീസ് പിഴ ഈടാക്കിത്തുടങ്ങി.
തിരക്കുള്ള റോഡുകളായ കരിക്കോട്, കല്ലുംതാഴം ജങ്ഷന്, ഹൈസ്കൂൾ ജങ്ഷന്, കടപ്പാക്കട, ചിന്നക്കട തുടങ്ങിയ ഇടങ്ങളിലാണ് ഇത്തരം നിയമലംഘനങ്ങള്‍ കൂടുതല്‍ നടക്കുന്നതെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. സീബ്രാലൈനില്‍ വാഹനം നിര്‍ത്തുന്നവരുടെ ചിത്രങ്ങള്‍ എടുത്ത് ഇ-ചെലാന്‍ വഴിയാണ് പൊലീസ് ഇത്തരക്കാര്‍ക്കെതിരെ പിഴ ചുമത്തുന്നത്. ഇത് പലപ്പോഴും യാത്രക്കാരും പൊലീസും തമ്മില്‍ വാക്കുതര്‍ക്കത്തിന് ഇടയാക്കുകയും ചെയുന്നുണ്ട്.
കഴിഞ്ഞദിവസം കടപ്പാക്കടയില്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തിയ ഇരുചക്രവാഹനയാത്രികരായ യുവാക്കള്‍ക്കെതിരെ പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ പൊലീസ് ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും പൊലീസ് വാഹനത്തിന് കുറുകേ കയറിനിന്ന് മാര്‍ഗ തടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. ഇവരില്‍നിന്ന് പിഴയീടാക്കി പിന്നീട് വിട്ടയച്ചു.
സീബ്രാലൈനില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് മൂലം സിഗ്നലുകളില്‍ പലപ്പോഴും കുട്ടികളും പ്രായമായവരുമടങ്ങുന്ന കാല്‍നട യാത്രക്കാര്‍ക്ക് പച്ച സിഗ്നല്‍ ലഭിച്ചുകഴിഞ്ഞാലും റോഡ് മുറിച്ചുകടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. കേരള മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 365 പ്രകാരം സീബ്രാ വരകളില്‍ കയറ്റി വാഹനം നിര്‍ത്തുന്നത് നിയമലംഘനമാണ്. വരും ദിവസങ്ങളില്‍ ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.