കൊല്ലം: സ്ത്രീധനമായി കൊടുത്ത കാറിന്റെയും സ്വർണത്തിന്റെയും കാര്യം പറഞ്ഞ് പീഡിപ്പിക്കുന്നതായി വിസ്മയ വിവാഹശേഷം പറഞ്ഞെന്ന് ബാല്യകാല സുഹൃത്തും സഹപാഠിയുമായി വിദ്യ മൊഴി നൽകി. വിസ്മയക്കേസിൽ വിസ്താരത്തിലാണ് ഇക്കാര്യം പറഞ്ഞത്. സഹോദരൻ വിജിത്തിന്റെ വിവാഹത്തിന് കണ്ടപ്പോൾ ബാക്കി സ്ത്രീധനം ലഭിച്ച ശേഷം മാത്രമേ കിരൺ കൊണ്ടുപോകൂ എന്ന് പറഞ്ഞ് വീട്ടിൽ നിർത്തിയതായി പറഞ്ഞു.
കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുതുടങ്ങിയെന്നും തന്നെ ഇവിടെ നിന്ന് കൊണ്ടുപോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചെന്നും മൊഴി നൽകി. സംസാരം ഉൾപ്പെട്ട ഫോണും സംഭാഷണവും കോടതിയിൽ തിരിച്ചറിഞ്ഞു.
വിസ്മയ കരഞ്ഞുകൊണ്ട് വീട്ടുമുറ്റത്തേക്ക് കയറിവന്നെന്ന് കിഴക്കേ കല്ലട സ്വദേശി ഷൈല മൊഴി നൽകി. കൊല്ലത്തുനിന്ന് തിരികെ വരുന്ന വഴി കാറിന്റെ കാര്യം പറഞ്ഞ് ഉപദ്രവിച്ചെന്ന് വിസ്മയ പറഞ്ഞു. വിസ്മയ പിതാവിനെ ഫോണിൽ വിളിച്ചെന്നും പിന്നീട്, കിരൺ വിളിച്ചുകൊണ്ടുപോയെന്നും മൊഴി നൽകി.
2021 ഫെബ്രുവരി 26ന് വിസ്മയ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടെന്ന് മോട്ടിവേഷനൽ സ്പീക്കറായ നിപിൻ നിരാവത്ത് മൊഴിനൽകി. ഗൂഗ്ൾ മീറ്റ് വഴി സംസാരിച്ചു. പഠിക്കാൻ ഏകാഗ്രത കിട്ടുന്നില്ല എന്നാണ് ആദ്യം പറഞ്ഞതെങ്കിലും കാരണം അന്വേഷിച്ചപ്പോൾ ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള സ്ത്രീധനത്തിനുവേണ്ടിയുള്ള പീഡനമാണെന്ന് മനസ്സിലാക്കി. പീഡനം സഹിച്ചിട്ടും വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കാത്തതെന്താണെന്ന് ചോദിച്ചപ്പോൾ കിരണിനെ ഇഷ്ടമാണെന്ന് പറഞ്ഞു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്യാൻ നമ്പർ നൽകിയതായും മൊഴി നൽകി.
വിവാഹശേഷം തന്നെ പോലും വിളിക്കാൻ വിസ്മയയെ കിരൺ അനുവദിക്കാറില്ലായിരുന്നെന്ന് ഹോസ്റ്റൽ വാർഡൻ ഇന്ദിര പറഞ്ഞു. 2021 ജൂൺ ഏഴിന് അവസാനമായി സംസാരിച്ചപ്പോൾ കിരണിന്റെ വീട്ടിൽ നിൽക്കുന്നത് ജീവനുതന്നെ ആപത്താണെന്ന് പറഞ്ഞു.
വിസ്മയയുടെ സമീപവാസിയായ സാബുജാൻ ജനുവരി മൂന്നിന് രാത്രി ഒന്ന് കഴിഞ്ഞ് ശബ്ദം കേട്ട് നോക്കിയപ്പോൾ കിരൺ കാർ വീട്ടിൽ കൊണ്ടിടുന്നതും സഹോദരൻ വിജിത്തിനെ ഉപദ്രവിക്കുന്നതും കണ്ടുവെന്ന് മൊഴി നൽകി.
നിലമേൽ എൻ.എസ്.എസ് കരയോഗം ഭാരവാഹി പ്രേമചന്ദ്രൻ വിസ്മയയും കിരണും തമ്മിലുള്ള വിവാഹത്തിന്റെ വിവരങ്ങളടങ്ങിയ രജിസ്റ്റർ ഹാജരാക്കി. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ കരയോഗത്തിൽ ചർച്ചക്ക് വെച്ചിരുന്നെങ്കിലും നടന്നില്ല എന്ന് മൊഴി നൽകി. തിങ്കളാഴ്ച കിരണിന്റെ പിതാവിനെയും ബന്ധുക്കളെയും സാക്ഷികളായി വിസ്തരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.