കൊല്ലം: കോവിഡ് ലോക്ഡൗൺ നിയന്ത്രണം കൂടുതൽ കടുപ്പിച്ച് സിറ്റി പൊലീസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് ഇരവിപുരത്ത് വിവാഹ സൽക്കാരം സംഘടിപ്പിച്ചയാളിനെതിരെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. ഇയാളുടെ മകളുടെ വിവാഹത്തിെൻറ ഭാഗമായി തലേദിവസം സംഘടിപ്പിച്ച സൽക്കാരമാണ് നടപടിക്കിടയാക്കിയത്. തുടർന്ന് പൊലീസ് നിരീക്ഷണത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് വിവാഹം നടന്നു. കോവിഡ് പടരുന്ന സാഹചര്യത്തിൽ സമാന സ്വഭാവമുള്ള സ്വകാര്യ ചടങ്ങുകൾ ഉണ്ടാകാതിരിക്കുന്നതിന് സിറ്റി പൊലീസ് പുതിയ സംവിധാനം ഏർപ്പെടുത്തി.
കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന സ്വകാര്യ ചടങ്ങുകളിൽ എല്ലാത്തിലും പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്തുകയും മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.
മാനദണ്ഡം ലംഘിച്ച കൂട്ടംചേരലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിെൻറ ഭാഗമായിട്ടാണ് മഫ്തിയിൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതെന്ന് സിറ്റി പൊലീസ് കമീഷണർ ടി. നാരായണൻ അറിയിച്ചു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ശരിയായി ധരിക്കാതിരുന്ന 687 പേരും സാമൂഹിക അകലം പാലിക്കാതിരുന്ന 511 പേരും പിഴയൊടുക്കി. കോവിഡ് മാനദണ്ഡം പാലിക്കാതിരുന്ന 38 കടകൾ അടച്ചുപൂട്ടുകയും 164 വാഹനങ്ങൾ പിടിച്ചെടുക്കുകയും 87 പേർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതായി കമീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.