മാതാവിന്‍റെ മരണം തിരിച്ചറിയാതെ മകള്‍ രണ്ടുദിവസം മൃതദേഹത്തിനൊപ്പം

നെടുങ്കണ്ടം: വയോമാതാവിന്‍റെ മരണം തിരിച്ചറിയാതെ ബുദ്ധിവൈകല്യം സംഭവിച്ച മകള്‍ രണ്ടുദിവസം മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടി. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ (69) മൃതദേഹത്തിനരികെയാണ് മകള്‍ ശശികല (35) കഴിഞ്ഞുകൂടിയത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ അയല്‍വാസിയായ സ്ത്രീ ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് വയോധികയെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച നിലയിലും ശരീരം ഉറുമ്പരിച്ച് ചെവിയിലൂടെയും മൂക്കിലൂടെയും സ്രവം വന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ മകള്‍ മാത്രമാണ് ഒപ്പം താമസിച്ചിരുന്നത്. മറ്റൊരു മകള്‍ നേരത്തേ മരിച്ചു. ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. പച്ചടി എസ്.എന്‍.എല്‍.പി സ്‌കൂളിനു സമീപത്താണ്​ ഇവര്‍ താമസിക്കുന്നത്​. അമ്മിണിയുടെ കാല്‍ മുറിച്ചുമാറ്റിയിരുന്നു. പാലിയേറ്റിവ് കെയര്‍, ആശ വര്‍ക്കര്‍മാര്‍ എന്നിവിടങ്ങളില്‍നിന്ന്​ ആളുകളെത്തി ഇവരെ പരിചരിക്കുകയായിരുന്നു പതിവ്. എം.കോം വരെ പഠിച്ച ശശികലക്ക് പിന്നീടാണ് ബുദ്ധിമാന്ദ്യം സംഭവിച്ചത്. അമ്മിണിയുടെ സഹോദരനും സഹോദരിയും കൂടെക്കൊണ്ടുപോകാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇവര്‍ വീട് ഉപേക്ഷിച്ചുപോകാന്‍ തയാറല്ലായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. മരിച്ചിട്ട് രണ്ടു ദിവസമെങ്കിലും ആയിരിക്കുമെന്നാണ് പൊലീസ് പറയുന്നത്. ആശ പ്രവര്‍ത്തകരും പൊലീസും പൊതുപ്രവര്‍ത്തകരും വാര്‍ഡ് അംഗവും സ്ഥലത്ത് എത്തി രാത്രി 11.30ഓടെ പോസ്റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം മറവു ചെയ്തു. മരണത്തില്‍ അസ്വാഭാവികത ഒന്നും ഇല്ലാത്തതിനാലും മറ്റ് ബന്ധുക്കള്‍ക്കും സമീപവാസികള്‍ക്കും പരാതി ഇല്ലാത്തതിനാലും നാളുകളായി ഇവര്‍ രോഗിയായിരുന്നതിനാലുമാണ് പോസ്റ്റ്​മോര്‍ട്ടം നടത്താതെ മൃതദേഹം മറവ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. idd ndkm പച്ചടി കലാസദനത്തില്‍ അമ്മിണി മരിച്ച നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.