സീസണടുത്തതോടെ പതിവുപോലെ ഇറച്ചി, മുട്ട, മീൻ എന്നിവയുടെ വില വിപണിയിൽ കുതിക്കുകയാണ്. ക്രിസ്മസിന് തീൻമേശയിൽ ഇറച്ചിവിഭവങ്ങൾ എത്തിക്കാൻ പണം ഏറെ ചെലവഴിക്കേണ്ടി വരും. അൽപം ആശ്വാസം മീനിന്റെയും കോഴിയുടെയും വിലയാണ്. ക്രിസ്മസ് അടുക്കുന്നതോടെ ഇതിന്റെയും വില ഉയരുമെന്നാണ് വിവരം. ഇതോടെ ആഘോഷനാളുകൾക്കായുള്ള ചെലവും വർധിക്കുന്ന സാഹചര്യമാണ്. മീനിനും മുട്ടക്കും വൈകാതെ കൂടുതൽ വില നൽകേണ്ട സാഹചര്യമാണ്.
ക്രിസ്മസ് വ്രതത്തിന്റെ സമയമായതിനാലും മണ്ഡലകാലമായതിനാലും പലതിന്റെയും വില അൽപം കുറഞ്ഞമട്ടാണ്. മത്തിയൊഴികെ മീനുകള്‍ക്കെല്ലാം വില കുതിക്കുകയാണ്. ക്രിസ്മസ് ദിവസങ്ങളില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പീസ് മീനുകളുടെ വിലയില്‍ ശരാശരി 150 മുതൽ 200 രൂപയുടെ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. ഒരുമാസത്തിനിടെയാണ് ഭീമമായ വർധന ഉണ്ടായത്. വലിയ മത്തിയുടെയും മറ്റു ചെറുമീനുകളുടെയും വില ശരാശരി 200 രൂപയായി.
കേര പോലുള്ള മീനുകളുടെ വില നാനൂറിലേക്കെത്തി. വറ്റ വില 500 ലേക്ക് കുതിക്കുകയാണ്. കാളാഞ്ചി, മോത പോലുള്ള ഇനങ്ങളുടെ വില പിന്നെയും ഉയരും. കരിമീന്റെ ലഭ്യത കുറഞ്ഞതും വിലവർധിപ്പിക്കുന്ന സാഹചര്യമാണ്. ഗുണമേന്മയേറിയ നല്ലയിനം ആട്ടിറച്ചിക്ക് ഇപ്പോൾ പൊന്നുംവിലയാണ്. ഇതര സംസ്ഥാത്ത് നിന്നുള്ള ആടുകളെയാണ് നിലവിൽ ഇറച്ചിക്കായി ഉപയോഗിക്കുന്നത്.
കഴിഞ്ഞവർഷം താരമായി നിന്ന ചിക്കൻവില ഇത്തവണ വിപണിയിൽ കൂപ്പുകുത്തിയ സാഹചര്യമാണ്. നാടൻചിക്കൻ വിപണിയിൽ തളർന്നെങ്കിലും ഇതരസംസ്ഥാന കച്ചവടക്കാർ ലാഭം കൊയ്യുമെന്ന അവസ്ഥയാണ്.
പക്ഷിപ്പനിയുടെ ആഘാതം വിപണിയിൽ മങ്ങലേൽപിച്ച അവസ്ഥയാണ്. പക്ഷിപ്പനി ബാധയെത്തെുടര്ന്ന് ഈമാസം 31 വരെ കോട്ടയം, വൈക്കം, ചങ്ങനാശ്ശേരി താലൂക്കുകളില്‍ കോഴി, താറാവ്, കാട എന്നിവയെ വില്‍ക്കുന്നതിനും വാങ്ങുന്നതിനും നിയന്ത്രണം നിലനിൽക്കുന്നതും കച്ചവടത്തിന് മങ്ങലേൽപിക്കുന്നു. ഇറച്ചിക്കോഴികളിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ചിക്കനിൽ നിന്ന് ആളുകളെ അകറ്റി. നാടൻകർഷകരുടെ ക്രിസ്മസ് കണ്ണീരിൽ കുതിരുമ്പോൾ വരവ് ഇനങ്ങൾ വിപണി കൈയടക്കുകയാണ്.
ക്രിസ്മസ് അടുത്തതോടെ അതിർത്തി കടന്നെത്തുന്ന ഉരുക്കൾ ആരോഗ്യത്തിന് ഭീഷണിയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇറച്ചിക്കായി കൊണ്ടുവരുന്ന ഉരുക്കൾ കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നായതിനാൽ രോഗബാധയുടെ സാഹചര്യവും തള്ളിക്കളയാനാകില്ല. വാളയാർ അതിർത്തികടന്നുവരുന്ന ഇറച്ചിക്കോഴികളുടെയും അവസ്ഥ സമാനമാണ്. ഇറച്ചികളുടെ വിലയിൽ ഏകീകരണമില്ലാത്തതാണ് വിലക്കുതിപ്പിന് കാരണമാകുന്നത്.
പോത്തിന്റെ അടിസ്ഥാനവില 400 രൂപയാണെങ്കിലും പ്രാദേശികമായി 440 വരെ വിലയുണ്ട്. കഴിഞ്ഞമാസം 380 രൂപയായിരുന്ന ബീഫിനാണ് വില 400 കടന്ന് കുതിക്കുന്നത്.
ഇതിനിടെ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാത്ത അറവുകേന്ദ്രങ്ങളും സജീവമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയോ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോ കൂടാതെ മാനദണ്ഡങ്ങൾ ലംഘിച്ചും സ്വന്തം താൽപര്യമനുസരിച്ച് വില കൂട്ടിയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇറച്ചിവിൽപന സജീവമാണ്. മുൻവർഷങ്ങളിൽ വൻതോതിൽ ആന്ധ്രാ ബോർഡർ കടന്ന് ഫോർമാലിൻ കലർന്ന മത്സ്യങ്ങൾ എത്തിയിരുന്നു. ഇത്തവണയും സമാന സാഹചര്യം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.