അന്തിമജോലികൾ അതിവേഗം; ഇരട്ടപ്പാത നാളെ തുറക്കും

കോട്ടയം: പതിനാറ്​ വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇരട്ടപ്പാതയാകുന്ന ഏറ്റുമാനൂര്‍ - ചിങ്ങവനം റൂട്ടിൽ അന്തിമജോലികൾ അതിവേഗത്തിൽ. ഞായറാഴ്ച രാത്രിയോടെ പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും. ഇതോടെ മംഗലാപുരം- മുതല്‍ തിരുവനന്തപുരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണ ഇരട്ട പാതയാകും. മുട്ടമ്പലത്ത്​ പുതിയപാതയും പഴയപാതയും തമ്മില്‍ ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയായി. സ്​റ്റേഷനിലെ മൂന്നും നാലും അഞ്ചും ട്രാക്കുകളുമായി പുതിയ പാത ബന്ധിപ്പിക്കുന്ന ജോലികളാണ്​ഇപ്പോൾ നടക്കുന്നത്​. ശനിയാഴ്ചയോടെ ഇത്​ പൂർത്തിയാകും. ഞായറാഴ്ച രാവിലെ ഇരട്ടപ്പാതയുടെ അവസാന ഘട്ട ജോലിയായ പാറോലിക്കലില്‍ പുതിയ പാതയും പഴയ പാതയും ബന്ധിപ്പിക്കുന്ന ജോലികള്‍ ആരംഭിക്കും. 10 മണിക്കൂറിലധികം നീളുന്ന ഈ ജോലി പൂർത്തിയാകുന്നതോടെ ഏറ്റുമാനൂര്‍ - ചിങ്ങവനം ഇരട്ടപ്പാത ഗതാഗതത്തിനു സജ്ജമാകും. തുടർന്ന്​ പുതിയ പാതയിലൂടെ ട്രെയിൻ കടത്തിവിടും. രാത്രി എട്ടോടെ ആദ്യ ട്രെയിൻ കടത്തിവിടാനാകുമെന്നാണ്​ പ്രതീക്ഷ. കഴിഞ്ഞദിവസം മുട്ടമ്പലം മുതല്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള ഭാഗത്ത് പുതിയ പാതയിലൂടെ ട്രെയിന്‍ ഓടിത്തുടങ്ങിയിരുന്നു. ഇതിനൊപ്പം തുരങ്കത്തിലൂടെയുള്ള യാത്രക്കും അറുതിയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ സുരക്ഷ പരിശോധനയും വിജയമായിരുന്നു. അഞ്ച് പ്ലാറ്റ്ഫോമുകളെയും ബന്ധിപ്പിക്കുന്ന നടപ്പാലം, രണ്ടാം പ്ലാറ്റ്ഫോമിൽ ടിക്കറ്റ് കൗണ്ടർ എന്നിവയുടെ നിർമാണവും കോട്ടയം റെയിൽവേ സ്​റ്റേഷനിൽ പുരോഗമിക്കുകയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.