ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞ് സ്വർണ പണിക്കാരനെ ബന്ദിയാക്കി കവർച്ച

ആലുവ: ഇൻകം ടാക്സ് ഉദ്യോഗസ്ഥർചമഞ്ഞ് ആലുവയിൽ സ്വർണ പണിക്കാരനെ ബന്ദിയാക്കി കവർച്ച. 42 പവൻ വരുന്ന സ്വർണാഭരണങ്ങളും 1,80,000 രൂപയും നഷ്ടപ്പെട്ടു. ആലുവ ബാങ്ക് കവലയിൽ വർഷങ്ങളായി താമസിക്കുന്ന സഞ്ജയ് എന്നയാളുടെ വീട്ടിലാണ് കവർച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ സഞ്ജയ് 30 വർഷത്തിലേറെയായി സ്വർണ കടക്കാർക്കടക്കം ആഭരണങ്ങൾ നൽകുന്നയാളാണ്. വീട്ടിൽ തന്നെയാണ് സ്വർണപ്പണി. ഞായറാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം. ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയത്. തിരിച്ചറിയൽ കാർഡ് മൊബൈലിലാണ് ഇവർ കാണിച്ചത്. സഞ്ജയും ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭാര്യയെയും മക്കളെയും ഹാളിൽ ഇരുത്തുകയും എല്ലാവരുടെയും ഫോണുകൾ വാങ്ങി വെക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേർ സഞ്ജയിനെ കൊണ്ട് മുറികളിലെല്ലാം പരിശോധന നടത്തി. വീട്ടിൽ ഊരി വെച്ചിരുന്ന മൂവരുടെയും ആഭരണങ്ങളാണ് എടുത്തത്. ആദായ നികുതി ഉദ്യോഗസ്ഥരാണെന്നും വീട്ടിൽ വെച്ചിരിക്കുന്ന സ്വർണം കൈമാറണമെന്നുമാണ് വന്നവർ ആവശ്യപ്പെട്ടത്. അതനുസരിച്ച് എല്ലാം വീട്ടുകാർ നൽകുകയായിരുന്നു. സഞ്ജയുടെയും ഭാര്യയുടെയും ആഭരണങ്ങളും വീട്ടിൽ വിൽക്കാനായി വെച്ചിരുന്ന കുട്ടി വളകളുമടക്കം 354 ഗ്രാം സ്വർണം കൈക്കലാക്കിയെന്നാണ് പരാതി. ഇതിൽ 260 ഗ്രാം ആണ് കുട്ടി വളകൾ ഉള്ളത്. ഔദ്യോഗിക പരിശോധനയാണെന്ന് തോന്നിക്കുന്ന വിധത്തിൽ സ്വർണാഭരണങ്ങൾ തൂക്കി തിട്ടപ്പെടുത്തി. തുടർന്ന് ഒരു ഫോമിൽ ഇതെല്ലാം രേഖപ്പെടുത്തി സജ്ഞയിനെ കൊണ്ട് ഒപ്പിട്ട് വാങ്ങുകയും ചെയ്തു. അതിന് പുറമെ സഞ്ജയുടെ തിരിച്ചറിയൽ കാർഡുകൾ, ഇൻകം ടാക്സ് രേഖകൾ തുടങ്ങിയവയെല്ലാം കൊണ്ടുപോയി. വീട്ടിലെ സി.സി.ടി.വിയുടെ ഡി.വി.ആറും സംഘം കൊണ്ടു പോയിട്ടുണ്ട്. തിങ്കളാഴ്ച എറണാകുളത്തെ ഇൻകം ടാക്സ് ഓഫിസിൽ എത്തണമെന്ന് ആവശ്യപ്പെട്ടു. ഒരു ഫോൺ നമ്പറും കൊടുത്ത് 1.20 ഓടെയാണ് സംഘം മടങ്ങിയത്. തുടർന്ന് സഞ്ജയ് സ്വർണക്കട നടത്തുന്ന സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. വിവരമറിഞ്ഞെത്തിയവർ തട്ടിപ്പ് സംഘം നൽകിയ ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ അയ്യന്തോളിലുള്ള ഒരാളുടെ നമ്പറായിരുന്നു. ഇതോടെ ആലുവ പൊലീസിൽ പരാതി നൽകി. ഡിവൈ.എസ്.പി, സി.ഐ തുടങ്ങിയ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. വീട്ടുകാർ സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ആലുവ സി.ഐ അനിൽകുമാർ തൊട്ടു മുന്നിലുള്ള ഹോട്ടലിൽ ഉണ്ടായിരുന്നു. ഇടവഴിയുടെ അപ്പുറവും ഇപ്പുറവുമാണ് ഹോട്ടലും സംഭവം നടന്ന വീടും. സമീപത്തെ സ്ഥലങ്ങളിൽനിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ നാലുപേർ പോകുന്നത് പതിഞ്ഞിട്ടുണ്ട്. ഇവരെല്ലാം മധ്യവയസ്കരാണ്. ഇവരോടൊപ്പം വേറെ രണ്ടുപേർ അടുത്തേക്ക് എത്തുന്നതും കാണാം. മഹാരാഷ്ട്ര സ്വദേശിയായ സഞ്ജയ് 25 വർഷം മുമ്പാണ്​ ആലുവയിൽ എത്തി സ്വർണമിടപാട് സ്ഥാപനം ബാങ്ക് ജങ്​ഷനിൽ തുടങ്ങുന്നത്​. പത്ത് വർഷം മുമ്പ്​ അന്നപൂർണ ഹോട്ടലിന് മുന്നിലായി സ്ഥലം വാങ്ങി വീട് വെച്ച്​ സ്ഥാപനവും ഇവിടേക്ക്​ മാറ്റി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിദഗ്ധമായ ആസൂത്രണം കവർച്ചക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. ക്യാപ്ഷൻ ekg yas1 Kavarcha sangam ആലുവയിൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി കവർച്ച നടത്തിയ സംഘത്തിന്‍റെ സി.സി.ടി.വി ദൃശ്യം ekg yas1 Kavarcha police ആലുവയിൽ ഇൻകം ടക്സ് ഉദ്യോഗസ്ഥർ ചമഞ്ഞെത്തി കവർച്ച നടത്തിയ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.