കോട്ടയം: ആവശ്യക്കാർ ഏറിയതോടെ ആട്ടിൻപാലിന് വില വർധിച്ചു. ലിറ്ററിന് 70 രൂപയായിരുന്ന ആട്ടിൻപാലിന് ഇപ്പോൾ 100 രൂപയായി. ആടുവളർത്തുന്ന കർഷകരുടെ എണ്ണം കുറഞ്ഞതും ആട്ടിൻപാലിന് ആവശ്യക്കാർ വർധിച്ചതുമാണ് വില ഉയരാൻ കാരണം. ആട്ടിറച്ചിക്കും ക്രമാതീതമായി വില ഉയരുന്നുണ്ട്. പ്രായമായവർക്കും ഹൃദ്രോഗമുള്ളവർക്കും ഏറെ ഗുണകരമാണ് നാടൻ ആട്ടിൻപാൽ. ആട്ടിറച്ചിക്ക് കിലോ 900 രൂപയോളമായി. മണ്ണുത്തിയിലെ സർക്കാർ ആടുവളർത്തൽ കേന്ദ്രത്തിൽ നിലവിൽ നൂറ് രൂപയാണ് ഒരുലിറ്റർ നാടൻ ആട്ടിൻപാലിന്റെ വില. ആടുകൾക്ക് നൽകാനുള്ള തീറ്റക്ക് മുൻ വർഷത്തെക്കാൾ വില ഉയർന്നിട്ടുണ്ട്. 15 രൂപയായിരുന്ന ഗോതമ്പ് ഉമിക്ക് ഇപ്പോൾ 33 രൂപയും പിണ്ണാക്കിന് 55 മുതൽ 60 വരെയാണ് വില. ഉൽപാദനം കുറയുംതോറും ആട്ടിൻപാലിന്റെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. വരവ് ഇനങ്ങളുടെ കടന്നുകയറ്റം നാടൻ ആടുകളുടെ പരിപാലനത്തിന് ഭീഷണിയാകുന്ന സാഹചര്യമാണ്. പരിപാലനത്തിനും ചെലവേറുകയാണെന്ന് കർഷകർ പറയുന്നു.
ഇതരസംസ്ഥാനത്ത് നിന്നുമുള്ള ആടുകൾ കേരളത്തിൽ ഇടംപിടിച്ചതോടെ നാടൻ ഇനത്തിന് പ്രതിസന്ധി നേരിട്ടു. ഇതിനൊപ്പം ആടുകൾക്ക് രോഗങ്ങൾകൂടി പിടിപെട്ടതോടെ ഭൂരിഭാഗം കർഷകരും ആടുവളർത്തൽ ഉപേക്ഷിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ നാടൻ ഇനവും ഇതര ഇനവും തമ്മിൽ ക്രോസ് ചെയ്തുള്ള സങ്കരയിനങ്ങളിലെ പോരായ്മകളും ആടുവളർത്തൽ മേഖലയെ ബാധിച്ചു.
അതിർത്തി കടന്നെത്തിയ ആടുകൾ വന്നതോടെയാണ് നാടൻ ഇനങ്ങൾക്ക് പ്രതിരോധ വാക്സിൻ എടുക്കേണ്ടി വന്ന സാഹചര്യമുണ്ടായതെന്ന് കർഷകർ പറയുന്നു. സൗജന്യ വാക്സിൻ എടുക്കുന്ന മൃഗാശുപത്രികളിലെ ഡോക്ടർമാരുടെ അഭാവം മൂലം നിരവധി ആടുകളാണ് ചത്തത്. ജില്ലയിൽ കടുത്തുരുത്തി, പാമ്പാടി, മണിമല, തെങ്ങണ എന്നിവിടങ്ങളിലാണ് കൂടുതലായും ആട് ഫാമുകൾ നടത്തിയിരുന്നത്. ആടുകൾ ചത്തൊടുങ്ങിയത് തുടർച്ചയായതോടെ പലർക്കും ഫാമുകൾ പൂട്ടേണ്ട അവസ്ഥയിലായി.
മൃഗപരിപാലന മേഖലയിൽ പുതിയ ആടുവളർത്തൽ പദ്ധതിയോ തീറ്റക്കായി സബ്സിഡിയോ ആനുകൂല്യങ്ങളോ വകുപ്പ് ആവിഷ്കരിക്കുന്നില്ലെന്നും പരാതിയുണ്ട്. മേഖലയിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.