കോട്ടയം: ശബരിമല തീർഥാടകർക്ക് ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കാൻ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ. കോട്ടയം, പത്തനംതിട്ട ജില്ലകളിലാകും ഹോട്ടലുകൾ. ശബരിമല തീർഥാടന ഒരുക്കം വിലയിരുത്താൻ കോട്ടയം കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഭക്ഷ്യ-പൊതുവിതരണ-ലീഗൽ മെട്രോളജി-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു ജില്ലയിലും സ്ഥലം കണ്ടെത്തി രണ്ടാഴ്ചക്കുള്ളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നൽകി. പെരുനാട്, പന്തളം എന്നിവിടങ്ങളിൽ ഉടൻ ആരംഭിക്കും. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഭക്ഷണസാധനങ്ങളുടെ വില അവശ്യസാധന നിയമപ്രകാരം ഏകീകൃത നിരക്കിൽ നിശ്ചയിച്ചിട്ടുണ്ട്. ഹോട്ടലുടമകളുമായി ചർച്ച ചെയ്താണ് നിരക്ക് നിശ്ചയിച്ചത്. വില വിവരപ്പട്ടിക എല്ലാ ഹോട്ടലിലും കടകളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണം. ഗുണനിലവാരവും അളവും തൂക്കവും വിലയും ശുചിത്വവും പരിശോധിക്കാൻ സ്‌ക്വാഡുകളെ നിയോഗിച്ചു. പെട്രോൾ പമ്പുകളിലടക്കം പരിശോധന നടത്തും. ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻെറ താലൂക്ക്, ജില്ല ഓഫിസുകളിൽ പരാതികൾ പരിഹരിക്കാൻ കൺട്രോൾ റൂമുകൾ തുറക്കും. പമ്പ, എരുമേലി, നിലക്കൽ എന്നിവിടങ്ങളിൽ മൊബൈൽ ഭക്ഷണപരിശോധന ലാബുകൾ പ്രവർത്തിക്കും. സന്നിധാനത്തും പമ്പയിലും ഭക്ഷണപരിശോധന ലാബ് പ്രവർത്തിക്കും. നിലയ്ക്കൽ, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും പരിശോധന സ്‌ക്വാഡുകളെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രമോദ് നാരായണൻ എം.എൽ.എ, കലക്ടർമാരായ ഡോ. പി.കെ. ജയശ്രീ, ഡോ. ദിവ്യ എസ്. അയ്യർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി. വർഗീസ് പണിക്കർ, അഡീഷനൽ ജില്ല മജിസ്‌ട്രേറ്റുമാരായ ജിനു പുന്നൂസ്, ഷൈജു പി. ജേക്കബ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.