ഡി.വൈ.എഫ്​.ഐ യൂത്ത്​ ബ്രിഗേഡ്​ വിപുലീകരിക്കും: വി.കെ. സനോജ്​

പത്തനംതിട്ട: ഇടതുസർക്കാറിന്‍റെ വികസന അജണ്ടയെ തുരങ്കംവെക്കുന്ന ജനവിരുദ്ധ സമീപനത്തെ തുറന്നുകാട്ടുമെന്ന്​ ഡി.വൈ.എഫ്​.ഐ. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന കെ-റെയിൽ അടക്കമുള്ള വികസന പ്രവർത്തനങ്ങളെ വലിയ പ്രതീക്ഷയോടെയാണ്​ അഭ്യസ്തവിദ്യരായ യുവജനങ്ങൾ നോക്കിക്കാണുന്നത്​. എന്നാൽ, യുവതയുടെ തൊഴിൽസ്വപ്നങ്ങളെ തല്ലിക്കെടുത്തുന്ന സമീപനമാണ്​ പഴയ വിമോചന സമരത്തിന്‍റെ മുന്നണിയുടെ ഭാഗത്തുനിന്ന്​ ഉണ്ടാകുന്നതെന്ന്​ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്​ വാർത്തസ​മ്മേളനത്തിൽ പറഞ്ഞു. മലപ്പുറത്ത്​ നടപ്പാക്കിയ മോണിങ്​ ഫാം പദ്ധതി സംസ്ഥാനത്തെങ്ങും വ്യാപിപ്പിക്കും. ഭവനരഹിതർക്ക്​ വീട്​ നിർമിച്ച്​ പ്രവർത്തനം കൂടുതലായി ഏറ്റെടുക്കും. സേവന ​പ്രവർത്തനങ്ങളും വിപുലീകരിക്കും. 24 മണിക്കൂർ സേവനം ലഭ്യമാക്കുന്നതിന്​ തിരുവനന്തപുരത്ത്​ ഉദ്​ഘാടനം ചെയ്യുന്ന റെഡ്​ കയർ സെന്‍റർ മാതൃകയിൽ എറണാകുളം, മലപ്പുറം, കോഴിക്കോട്​ ജില്ലകളിലും സെന്‍ററുകൾ തുറക്കും. സർക്കാർ ആശുപത്രികളിൽ നടത്തുന്ന ഭക്ഷണ വിതരണം കൂടുതൽ വ്യാപിപ്പിക്കും. ശാസ്ത്രബോധം വളർത്തുന്നതിന്​ എല്ലാ ബ്ലോക്കുകളിലും ശാസ്ത്ര ക്ലബുകൾ തുറക്കും. ശാസ്ത്രീയ പരിശീലനം നൽകി യൂത്ത്​ ബ്രിഗേഡിന്‍റെ പ്രവർത്തനം വിപുലീകരിക്കുമെന്നും വി.കെ. സനോജ്​ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ വി. വസീഫ്​, ട്രഷറർ എസ്.ആർ. അരുൺ ബാബു, ​ചിന്ത ജെറോം, കെ.യു. ജനീഷ്​കുമാർ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.