കോട്ടയം: വിദ്യാർഥികൾക്കടക്കം നവീന സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുകയാണ് രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയിലെ ടെക് ഡെമോ സ്റ്റാളുകൾ. ജില്ലയിലെ പോളിടെക്നിക് കോളജുകളിലെയും എൻജിനീയറിങ് കോളജുകളിലെയും കുട്ടി ശാസ്ത്രജ്ഞന്മാരാണ് ഡെമോയിലെ താരങ്ങൾ. അടക്ക പൊളിക്കുന്ന യന്ത്രം മുതൽ ദേശീയ തലത്തിൽ അവാർഡുകൾ വാരിക്കൂട്ടിയ സർവ സുരക്ഷ സംവിധാനങ്ങളോടും കൂടിയ ഓഫ് റോഡ് കാർ വരെ ഇവിടെ പ്രദർശനത്തിലുണ്ട്. ആർഡിനോ ബ്ലൂടൂത്ത് എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ സെൻസറിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന വീട്, റോബോട്ടിക് ബോൾ, പഴയ കാലത്തെ ഇലക്ട്രോണിക് കാൽക്കുലേറ്റർ, എത്ര വലിയ പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്ന അത്യാധുനിക സജ്ജീകരണങ്ങളോടുകൂടിയ ഫ്ലോട്ടിങ് ഹൗസ് എന്നിവ കാണാം. കേരളത്തിൽ ഏറ്റവും അധികം നാശംവിതച്ച 2018ലെ പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ഏത് പ്രളയത്തെയും അതിജീവിക്കാൻ കഴിയുന്ന ഫ്ലോട്ടിങ് ഹൗസിന്റെ നിർമാണ രീതിയും മറ്റും ചോദിച്ചറിയാനും അത് പ്രാവർത്തികമാക്കാനും നിരവധി ആളുകളാണ് എത്തുന്നത്. എത്ര പൊക്കത്തിൽ വെള്ളം ഉയർന്നാലും അതിന്റെ ഒപ്പം തന്നെ വീടും സ്വയം മുകളിലേക്ക് ഉയരുന്ന രീതിയിലാണ് ഫ്ലോട്ടിങ് ഹൗസിന്റെ നിർമാണം. നാട്ടകം സർക്കാർ പോളിടെക്നിക്, പാമ്പാടി ആർ.ഐ.ടി, സെന്റ് ജോസഫ്സ് കോളജ്, സെയിന്‍റ് ഗിറ്റ്സ് കോളജ്, അമൽ ജ്യോതി കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ശാസ്ത്രകൗതുക കാഴ്ചകളൊരുക്കിയിട്ടുള്ളത്. മേയ്ദിന റാലി കോട്ടയം: ജവഹർ ബാലഭവൻ അധ്യാപകർ നടത്തിവരുന്ന സമരത്തിന്‍റെ ഭാഗമായി ബാലഭവനുമുന്നിൽ മേയ്ദിന റാലി നടത്തി. ഗാന്ധിസ്‌ക്വയറിൽ നടന്ന പൊതുയോഗം സംരക്ഷണസമതി രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ ഉദ്ഘാടനം ചെയ്തു. പി.ജി. ഗോപാലകൃഷ്ണൻ, വിജി ഹരീന്ദ്രനാഥ്, വിജി ഉപേന്ദ്രനാഥ്, പി.കെ. ഹരിദാസ്, മിഥുന മോഹൻ, സുപ്രഭ സുരേഷ്, ശ്രീലത ശ്രീകുമാർ, വിറ്റി സുരേഷ് ,ശിവദാസ്, കെ.എം. ജോൺ, പ്രസാദ് ,ശ്രീകുമാർ ആറന്മുള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.