മുല്ലപ്പെരിയാർ ജലം നേരിട്ട് മധുരയിലേക്ക്; 1296 കോടിയുടെ പദ്ധതിക്ക്​ തുടക്കം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ സംസ്ഥാന അതിർത്തിയിലെ ലോവർ ക്യാമ്പിലെത്തുന്ന ജലം അവിടെ നിന്ന്​ നേരിട്ട് മധുരയിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. സംസ്ഥാന അതിർത്തിയിൽ ചെക്ക്ഡാം നിർമിച്ച് ഇവിടെ നിന്ന്​ വലിയ പൈപ്പുകൾവഴി മധുരയിലേക്ക് ജലം എത്തിക്കുന്ന 1296 കോടിയുടെ പദ്ധതിക്കാണ് ബുധനാഴ്ച തുടക്കമായത്. മധുരയിലെ കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണാൻ 2018ലാണ് 1020 കോടി ചെലവിൽ കുടിവെള്ള പദ്ധതി പ്രഖ്യാപിച്ചത്. സർവേ നടന്നെങ്കിലും കർഷക സംഘത്തിന്‍റെ എതിർപ്പിനെ തുടർന്ന് നിർമാണം ആരംഭിക്കാനായില്ല. എസ്റ്റിമേറ്റ്​ തുക 1020ൽനിന്ന്​ 1296 കോടിയായി നിലവിലെ സർക്കാർ വർധിപ്പിച്ചതോടെയാണ് പദ്ധതിക്ക് ജീവൻവെച്ചത്. മുല്ലപ്പെരിയാറിൽനിന്ന്​ ലോവർ ക്യാമ്പ് പവർഹൗസിൽ എത്തുന്ന ജലം അവിടെ വൈദ്യുതി ഉൽപാദിപ്പിച്ചശേഷം പുതുതായി നിർമിക്കുന്ന ചെക്ക്ഡാമിൽ സംഭരിക്കും. തുടർന്ന്​, ഇവിടെ നിന്ന്​ നേരിട്ട് മധുരയിൽ കുടിവെള്ളമായി വിതരണം ചെയ്യും. നിലവിൽ മുല്ലപ്പെരിയാർ ജലം വൈദ്യുതി, കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിച്ചശേഷം തേനി ജില്ലയിലെ വൈഗ അണക്കെട്ടിലാണ് സംഭരിക്കുന്നത്. ഇവിടെ നിന്ന്​ ദിണ്ഡിഗൽ, മധുര, രാമനാഥപുരം, ശിവഗംഗൈ എന്നീ ജില്ലകളിലേക്ക് ഒരുമിച്ചാണ് തുറന്നുവിടുന്നത്. ഇത് പലപ്പോഴും മധുരയിലേക്ക് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിന് കാരണമാകുന്നതായി അധികൃതർ പറയുന്നു. ഈ സാഹചര്യത്തിലാണ്​ പുതിയ പദ്ധതി സർക്കാർ തയാറാക്കിയത്. പുതിയ പദ്ധതി നിലവിൽ വരുന്നതോടെ മുല്ലപ്പെരിയാറിൽനിന്ന്​ കൂടുതൽ ജലം ഒഴുക്കി വൈഗ ഡാമിലും പുതിയ ചെക്ക്ഡാമിലും നിറച്ചാവും കുടിവെള്ളപ്രശ്നം പരിഹരിക്കുക. മുല്ലപ്പെരിയാറിൽനിന്ന്​ മധുരയിലേക്ക് പൈപ്പുകൾ സ്ഥാപിച്ച് ജലം കൊണ്ടുപോകുന്നത് തേനി ജില്ലയിലെ കൃഷിക്ക് വെള്ളം കിട്ടാതാക്കുമെന്ന ആശങ്കയെ തുടർന്ന് മാസങ്ങളായി കർഷകർ പ്രതിഷേധം തുടരുകയാണ്. ഇതിനിടെ, ബുധനാഴ്ച പദ്ധതി തുടങ്ങുന്നതിനായി നടന്ന ഭൂമിപൂജക്കെതിരെ പ്രതിഷേധവുമായി കർഷകരും അലക്കുതൊഴിലാളികളും രംഗത്ത് വന്നെങ്കിലും വൻ പൊലീസ് സംഘം പ്രതിഷേധക്കാരെ വഴിയിൽ തടഞ്ഞു. ലോവർ ക്യാമ്പ് വണ്ണാൻതുറയിൽ നടന്ന ഭൂമിപൂജയിൽ തമിഴ്നാട് പൊതുമരാമത്ത്, ജലവിഭവ ഉദ്യോഗസ്ഥർക്കൊപ്പം മധുര നഗരസഭ അധികൃതരും പങ്കെടുത്തു. ........... cap: മുല്ലപ്പെരിയാർ ജലം മധുരയിലേക്ക് ഒഴുക്കുന്ന പദ്ധതിക്ക്​ ലോവർ ക്യാമ്പിൽ തുടക്കം കുറിക്കുന്നു ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.