കോട്ടയം: വോട്ടിലേക്ക് ഇനി ഒരുമാസത്തിന്റെ മാത്രം ദൂരം... ഇതോടെ പ്രചാരണവും പുതിയ തലത്തിലേക്ക്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനാണ് മുന്നണികളുടെ തീരുമാനം. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ട് ഒരുമാസം കഴിഞ്ഞുവെങ്കിലും മുന്നണികളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം നിര്‍ജീവമാണ്.
വീടുകയറ്റം ഉള്‍പ്പെടെയുള്ളവ സജീവമായിട്ടില്ല. ഇതിനിടെയാണ് പെസഹാവ്യാഴം, ദു:ഖവെള്ളി ഉള്‍പ്പെടെ ദിവസങ്ങളും. ഇവക്കുശേഷം തിങ്കളാഴ്ച മുതല്‍ പ്രചാരണം ശക്തമാക്കാനാണ് സ്ഥാനാർഥികളുടെ തീരുമാനം. അടുത്തയാഴ്ച കോട്ടയത്തെ സ്ഥാനാര്‍ഥികള്‍ പത്രികയും നല്‍കും.
പത്രികാസമര്‍പ്പണത്തിനുശേഷം പരസ്യവാഹന പ്രചാരണത്തിലേക്ക് കടക്കാനാണ് സ്ഥാനാര്‍ഥികളുടെ തീരുമാനം. വാഹന ച്രപാരണം ആരംഭിക്കുന്നതിന് സമാന്തരമായി താഴേത്തട്ടിലുള്ള പ്രചാരണവും ശക്തിപ്പെടുത്തും.ഈസ്റ്ററിന് പിന്നാലെ മുന്നണികള്‍ക്കായി മുന്‍നിര നേതാക്കളും എത്തിത്തുടങ്ങും.
യു.ഡി.എഫിനായി രാഹുല്‍ഗാന്ധി ജില്ലയിൽ എത്തുമന്നാണ് സൂചന. എ.കെ. ആന്റണി ഉള്‍പ്പെടെ നേതാക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എല്‍.ഡി.എഫിനായി എപ്രിൽ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലയില്‍ മൂന്നിടങ്ങളില്‍ പ്രസംഗിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അടുത്തയാഴ്ച വീണ്ടും ജില്ലയിലെത്തും. ഇരുമുന്നണികളുടെയും ഘടക കക്ഷി നേതാക്കളും പ്രചാരണത്തിനായി എത്തും. എന്‍.ഡി.എക്കായി ആഭ്യന്തരമന്ത്രി അമിത് ഷാ ഉള്‍പ്പെടെ മുന്‍നിരനേതാക്കളെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പു വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. ഏപ്രിൽ നാലാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാനതീയതി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ വരണാധികാരിയുടെ ഓഫീസിലോ(ജില്ല കലക്ടറുടെ ചേംബർ), ഉപവരണാധികാരിയായ ആർ.ആർ. ഡെപ്യൂട്ടി കലക്ടറുടെ കലക്ട്രേറ്റിൽ തന്നെയുള്ള ഓഫീസിലോ പത്രിക സമർപ്പിക്കാം. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധിദിവസങ്ങളായ ഈ മാസം 29, 31, ഏപ്രിൽ ഒന്ന് തിയതികളിൽ പത്രിക സ്വീകരിക്കില്ലെന്ന് ജില്ല കലക്ടർ അറിയിച്ചു
രാവിലെ 11 മുതൽ വൈകീട്ട് മൂന്നുമണിവരെ പത്രിക സമർപ്പിക്കാം. തെരഞ്ഞെടുപ്പുകമീഷന്റെ സുവിധ മൊബൈൽ ആപ്പ് വഴി ഓൺലൈനായും നാമനിർദേശപത്രിക സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ ഹാർഡ് കോപ്പി വരണാധികാരി മുമ്പാകെ സമർപ്പിക്കണം. അപേക്ഷ നേരിട്ടു സമർപ്പിക്കുന്നതിനുള്ള സമയവും ഓൺലൈനായി അനുവദിച്ചുതരും.
ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. ഏപ്രിൽ എട്ടാണ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാനദിവസം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.