കോട്ടയം: 3.13 ലക്ഷം നിയമലംഘനങ്ങള്‍, ഏറെയും ഹെല്‍മറ്റ് ധരിക്കാത്തവ. എ.ഐ. കാമറകൾ സ്ഥാപിച്ച് ഒരുവർഷം പിന്നിടുമ്പോൾ ജില്ലയിലെ കണക്കാണിത്. ജില്ലയില്‍ 44 കാമറകളാണുള്ളത്. ഇതിൽ പതിയുന്ന നിയമലംഘനദൃശ്യങ്ങൾ തെള്ളകത്തെ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫിസിലാണ് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നത്. ഇവിടെ പരിശോധിച്ച് പിഴ നോട്ടീസ് അയച്ച നിയമലംഘനങ്ങളുടെ എണ്ണമാണ് 3.13 ലക്ഷം. കെൽട്രോണുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരുനിശ്ചിതകാലത്തേക്ക് നോട്ടീസുകൾ അയച്ചിരുന്നില്ല. ഇതുകൂടി കണക്കിലെടുത്താൽ എണ്ണം ഇരട്ടിയിലേറെയാകുമായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പുറമേ എ.ഐ കാമറ ഘടിപ്പിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനവും ജില്ലയിലെ റോഡുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഇവർ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ ഉൾപ്പെടെയുള്ള കണക്കാണിത്.
ഹെല്‍മറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ് നിയമലംഘനങ്ങളില്‍ ഏറെയും. ഡ്രൈവിങ്ങിനിടയിലെ മൊബൈല്‍ ഉപയോഗത്തിന് പിഴ കിട്ടിയവരും നിരവധി. അമിതവേഗതത്തിന് നോട്ടീസ് കിട്ടിയവരുടെ എണ്ണവും കുറവല്ല. സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും കാമറ ഒപ്പിയെടുത്തു. ഒന്നിലേറെ തവണ ഒരേ സ്ഥലത്ത് ഒരേ കുറ്റത്തിന് പിഴ കിട്ടിയവരുമുണ്ട്. ഇത്തരക്കാർക്കെതിരെ കടുത്ത നടപടികളാണ് അടുത്തഘട്ടത്തിൽ മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നത്.
അതേസമയം, നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹനഉടമകളും പിഴയടച്ചിട്ടില്ല. പിഴ ലഭിച്ച വിവരം ഭൂരിഭാഗവും അറിയാത്തതാണ് ഇതിന് പ്രധാനകാരണം. കെല്‍ട്രോണിന് പണം ലഭിക്കാത്തതിന്റെ പേരില്‍ കാമറകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ശേഖരിക്കുന്നില്ലെന്ന പ്രചാരണം പണം അടക്കാതിരിക്കാന്‍ പലരെയും പ്രേരിപ്പിക്കുന്നുണ്ട്. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കില്‍ നോട്ടീസ് കോടതിയിലേക്ക് കൈമാറും. അവിടെ നിന്ന് വാഹന ഉടമക്ക് സന്ദേശം അയക്കും. പിഴയൊടുക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്ട്രേഷന് പുതുക്കാനോ സാധിക്കില്ല. മോട്ടോര്‍ വാഹനവകുപ്പില്‍ നിന്നു് തുടര്‍സേവനങ്ങളും ലഭിക്കില്ല.
കാമറകള്‍ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. കാമറാക്കണ്ണില്‍ നിന്ന് ഒഴിവാകാന്‍ യാത്ര വഴിമാറ്റുന്നവരുടെ എണ്ണവും ഏറിയിട്ടുണ്ട്. നഗര പ്രദേശങ്ങളിലെ കാമറകളുടെ കണ്ണ് വെട്ടിക്കാന്‍ ഇടറോഡുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണമാണ് വര്‍ധിച്ചിരിക്കുന്നത്. ഇതിനിടെ, കാമറകൾ പുതിയ സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്നതും വകുപ്പിന്റെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.