കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 39 സിനിമകൾ പ്രദർശിപ്പിക്കും

കോട്ടയം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 24 മുതൽ 28 വരെ സംഘടിപ്പിക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിൽ 18 ലോകസിനിമകൾ പ്രദർശിപ്പിക്കും. 27ാമത് ഐ.എഫ്.എഫ്.കെയിൽ പുരസ്‌കാരം നേടിയ ചിത്രങ്ങൾ, ലോകസിനിമ, കൺട്രി ഫോക്കസ്, കലൈഡോസ്‌കോപ്പ് വിഭാഗങ്ങളിൽ പ്രദർശിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

അനശ്വര, ആശ തിയറ്ററുകളിലും സി.എം.എസ് കോളജ് തിയറ്ററിലുമായി നടക്കുന്ന മേളയിൽ ലോക, ഇന്ത്യൻ, മലയാള സിനിമ വിഭാഗങ്ങളിൽ ആകെ 39 സിനിമകൾ പ്രദർശിപ്പിക്കും. സുവർണ ചകോരം നേടിയ സ്പാനിഷ് ചിത്രമായ ‘ഉതമ’, നവാഗത സംവിധായകനുള്ള രജതചകോരം നേടിയ അറബിക് ചിത്രമായ ‘ആലം’, മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം നേടിയ ‘അവർ ഹോം’, എഫ്.എഫ്.എസ്.ഐ-കെ.ആർ. മോഹനൻ അവാർഡ് നേടിയ ‘എ പ്ലേസ് ഓഫ് അവർ ഓൺ’ തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ലോകസിനിമ വിഭാഗത്തിൽ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ‘ട്രയാങ്കിൾ ഓഫ് സാഡ്നസ്’, ‘പ്രിസൺ 77’ തുടങ്ങിയ ചിത്രങ്ങളും കഴിഞ്ഞ ഒരുവർഷത്തിൽ ലോകത്തിലെ മുൻനിര ചലച്ചിത്രമേളകളിൽ പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ സിനിമകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓൺലൈനായി https://registration.iffk.in/ എന്ന ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികൾക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കോട്ടയം അനശ്വര തിയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെ നേരിട്ടും രജിസ്റ്റർ ചെയ്യാം. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം.

Tags:    
News Summary - 39 films will be screened at Kottayam International Film Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.