കോട്ടയം: ഹോട്ടൽ ഉടമയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മുംബൈ സ്വദേശിയെ അറസ്റ്റ് ചെയ്തു. മുംബൈ സ്വദേശിയായ സുജിത്ത് ഷോ (38) നെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയത്തെ ഹോട്ടല്‍ ഉടമയിൽനിന്ന് 29.40 ലക്ഷം രൂപയാണ് ഇയാൾ കബളിപ്പിച്ച് തട്ടിയെടുത്ത് കടന്നുകളഞ്ഞത്. 2017ൽ കോട്ടയത്ത് ഹോട്ടല്‍ ജോലിക്ക് എത്തിയ ഇയാൾ ഹോട്ടലുടമയുടെ വിശ്വാസം നേടിയ ശേഷം ഈ ഹോട്ടലിന്റെ പാനിപുരി കൗണ്ടറും സോഡാ കൗണ്ടറും വാടകക്കെടുത്ത് നടത്തി വരികയായിരുന്നു.
തുടർന്ന് ഇയാൾ ഹോട്ടൽ ഉടമയോട് ഷെയർ മാർക്കറ്റിൽ പണം ഇറക്കിയാൽ കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളിലായി 14.40 ലക്ഷം രൂപ കൈപ്പറ്റുകയും കൂടാതെ ഹോട്ടല്‍ ഉടമയെ ഏല്‍പ്പിക്കാൻ മറ്റൊരാള്‍ ഇയാളെ ഏല്‍പ്പിച്ച 15 ലക്ഷം രൂപ ഉള്‍പ്പടെ 29.40 ലക്ഷം തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനോടുവില്‍ ഇയാളെ വയനാട്നിന്ന് പിടികൂടുകയായിരുന്നു.
വെസ്റ്റ് എസ്.എച്ച്.ഒ എം.ശ്രീകുമാർ, എസ്.ഐമാരായ വിദ്യാ.വി, സജികുമാർ, എ.എസ്.ഐ സജി ജോസഫ്, സി.പി.ഒമാരായ രാജേഷ് കെ.എം, സലമോൻ, രാജീവ് കുമാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.