കോട്ടയം: നഗരസഭയുടെ കീഴിലുള്ള നാട്ടകത്തെ വാർഡുകളിൽ ജലക്ഷാമവും വൈദ്യുതിക്ഷാമവും രൂക്ഷം. കിഫ്ബി പദ്ധതിവഴി വഴിവിളക്കുകൾ സ്ഥാപിക്കാൻ ‘നിലാവ്’ പദ്ധതിയും 18 കോടി ചെലവഴിച്ച് നാട്ടകം ടാങ്കിലേക്ക് പൂവത്തുംമൂടിലെ പമ്പ്ഹൗസിൽനിന്ന് ശുദ്ധജലം എത്തിക്കുന്നതിനുള്ള പദ്ധതിയും വഴിമുട്ടിയ അവസ്ഥയിലാണ്.
നഗരസഭയിൽ മുഴുവൻ വാർഡിലും വെളിച്ചം എത്തിക്കുന്ന പദ്ധതിയാണ് നിലാവ്. 52 വാർഡുകളിലും നിശ്ചിത എണ്ണം ബൾബുകൾ പദ്ധതിപ്രകാരം ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയിൽനിന്ന് തുക നൽകി കെ.എസ്.ഇ.ബിവഴി നടപ്പാക്കുന്ന പദ്ധതിക്ക് ഉപകരാറും നൽകിയിരുന്നു. ഒരുവാർഡിൽ 200 ബൾബുകൾ എന്ന കണക്കുകൂട്ടലിലായിരുന്നു പ്രവർത്തനം.
എന്നാൽ, പല റോഡുകളിലും ഇപ്പോൾ വെളിച്ചം കാണണമെങ്കിൽ നിലാവ് ഉദിക്കണം. ഇരുട്ടിന്റെ മറവിൽ മാലിന്യംതള്ളൽ, തെരുനായ്ശല്യം, സാമൂഹിക വിരുദ്ധശല്യവും വാർഡുകളിലെ വഴികളിലും ഇടവഴികളിലും രാത്രിയിൽ പാമ്പുകളുടെ ശല്യവും രൂക്ഷമാണ്. നഗരസഭ അതികൃതർ കെ.എസ്.ഇ.ബിയെ പരാതിയുമായി സമീപിച്ചെങ്കിലും നിലാവ് പദ്ധതി പ്രകാരമുള്ള ബൾബുകളുടെ കാര്യത്തിൽ കെ.എസ്.ഇ.ബിയും കൈമലർത്തുന്ന അവസ്ഥയാണ്. ഇതോടെ വെളിച്ചം കാത്തിരുന്ന ജനങ്ങളുടെ സഞ്ചാരം ഇരുട്ടിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. നഗരസഭയുടെ വിവിധ വാർഡുകളിൽ തെരുവുവിളക്കുകൾക്കായി കെ.എസ്.ഇ.ബി ലൈൻ വലിച്ചെങ്കിലും ബൾബ് സ്ഥാപിക്കാത്ത വാർഡുകളുമുണ്ട്. ലൈൻ വലിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞെങ്കിലും തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട അധികൃതരെ പരാതിയുമായി സമീപിച്ചെങ്കിലും ഫലമില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നഗരസഭ പരിധിയിൽ ഏറ്റവും കൂടുതൽ ശുദ്ധജലക്ഷാമം നേരിടുന്ന മേഖലകളിലൊന്നാണ് പഴയ നാട്ടകം പഞ്ചായത്ത് പ്രദേശം. വേനലായാൽ ഉയർന്ന പ്രദേശത്ത് ശുദ്ധജലം കിട്ടാക്കനിയാണ്. എം.സി റോഡിനു കുറുകെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന്റെ പേരിലുള്ള തടസ്സമാണ് പ്രദേശത്ത് ശുദ്ധജലലഭ്യതക്ക് വില്ലൻ. 80 ശതമാനത്തോളം പണി ഇതിനകം പൂർത്തിയായി. രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന പൈപ്പ് വെള്ളം മാത്രമാണ് മിക്ക കുടുംബങ്ങളുടെയും ആശ്രയം.
ജല അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നതാകട്ടെ വല്ലപ്പോഴും മാത്രമാണ്. അവസാനമായി വെള്ളം ലഭിച്ചത് രണ്ടാഴ്ച മുമ്പാണ്. നിലവിൽ നാനൂറിലേറെ ഉപയോക്താക്കളുള്ള പദ്ധതി കൂടുതൽ വിപുലീകരിക്കാനും കൂടുതൽ വെള്ളമെത്തിക്കാനും ആരംഭിച്ച പുതിയ പദ്ധതിയാണ് എങ്ങുമെത്താത്തത്. കിട്ടാത്ത വെള്ളത്തിനും മിനിമം ചാർജ് കൊടുക്കേണ്ടി വരുന്നതും ജനത്തെ വലക്കുകയാണ്. വെയിൽശക്തി പ്രാപിച്ചതോടെ പ്രദേശത്തെ കിണറുകൾ വറ്റിത്തുടങ്ങിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് കുറഞ്ഞ അളവിലാണ് ജലലഭ്യത. വെള്ളം എപ്പോൾ വരുമെന്ന കാത്തിരിപ്പിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.