കോട്ടയം: കാത്തിരിപ്പിനൊടുവിൽ ബേക്കർ ജങ്ഷന് സമീപം കുമരകം റോഡിൽ വീണ്ടും ബസ് കാത്തിരിപ്പുകേന്ദ്രം. ഇതിന്റെ നിർമാണം തുടങ്ങി. കുമരകം റോഡില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുടെ സമീപത്താണ് വെയിറ്റിങ് ഷെഡ്. നേരത്തെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുനീക്കുകയായിരുന്നു. എന്നാൽ, റോഡ് നവീകരണം പൂർത്തിയായിട്ടും കാത്തിരിപ്പ് കേന്ദ്രം മടങ്ങിയെത്തിയില്ല.
കടകളോ മരത്തണലോ ഇല്ലാത്തതിനാൽ വെയിലത്ത് ബസ് കാത്ത്നിൽക്കേണ്ട ഗതികേടിലായിരുന്നു യാത്രക്കാർ. ഉച്ചസമയങ്ങളിലടക്കം ഏറെ മാറി മരത്തണലിനെയായിരുന്നു യാത്രക്കാർ ആശ്രയിച്ചിരുന്നത്. ബസ് എത്തുമ്പോൾ ഓടിയെത്തി കയറേണ്ട സ്ഥിതിയായിരുന്നു ഇതിലൂടെ. മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്ക്കരമായിരുന്നു. സ്കൂൾ, കോളജ് വിദ്യർഥികളടക്കം നിരവധി പേരാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ചുങ്കം വഴിയുള്ള മെഡിക്കൽ കോളജ് ബസുകൾക്കൊപ്പം ചേർത്തല, കല്ലുങ്കത്രപള്ളി, പരിപ്പ് അടക്കം വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളാണ് ഇതുവഴി കടന്നുപോകുന്നത്.
ദുരിതം ചൂണ്ടിക്കാട്ടി യാത്രക്കാർ തോമസ് ചാഴിക്കാടൻ എം.പിയെ സമീപിച്ചതോടെയാണ് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് വഴി തുറന്നത്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് വെയിറ്റിങ് ഷെഡ് നിർമിക്കാൻ അഞ്ചുലക്ഷം രൂപ തോമസ് ചാഴിക്കാടൻ അനുവദിച്ചു. ഈ തുക ഉപയോഗിച്ച് കോട്ടയം നഗരസഭയാണ് നിർമാണം നടത്തുന്നത്. ഒരാഴ്ചമുമ്പാണ് ജോലികൾ ആരംഭിച്ചത്. രണ്ടാഴ്ചക്കുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇരിപ്പിട സൗകര്യത്തോടെ മികച്ച നിലവാരത്തിലാകും കാത്തിരിപ്പുകേന്ദ്രം.
വർഷങ്ങൾക്കുമുമ്പ് ബേക്കർ ജങ്ഷനിലെ കുരുക്ക് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് കുമരകം റോഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ബേക്കര്‍ ജങ്ഷനില്‍ ഇന്ത്യന്‍ ബാങ്കിന് മുന്നിൽ കുമരകം, പരിപ്പ് ഭാഗങ്ങളിലേക്കുള്ള ബസുകള്‍ നിര്‍ത്തുന്നത് കുരുക്കിനിടയാക്കുന്നുവെന്ന വിലയിരുത്തലായിരുന്നു തീരുമാനം. കുമരകം ഭാഗത്തേക്കുള്ള ബസുകള്‍ ഇവിടെ നിർത്തിയശേഷം തിരിഞ്ഞുപോകുന്നത് വലിയ കുരുക്കിന് കാരണമാകുന്നതായും നഗരസഭ ചൂണ്ടിക്കാട്ടിയിരുന്നു.
തുടര്‍ന്ന് നഗരസഭാ നേതൃത്വത്തില്‍ ബസ് കാത്തിരിപ്പുകേന്ദ്രം കുമരകം റോഡില്‍ കോയമ്പത്തൂര്‍ ആര്യവൈദ്യശാലയുടെ സമീപത്തേക്ക് മാറ്റുകയായിരുന്നു. എന്നാൽ, പഴയ ബസ്സ്റ്റോപ്പും തുടർന്നു. നിലവിൽ ഇന്ത്യന്‍ ബാങ്കിനു മുന്നിലും ബസുകള്‍ നിര്‍ത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.