കോട്ടയം: എ.ഐ കാമറകള്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങുമെങ്കിലും ജില്ലയിൽ പിഴ നോട്ടീസ് വൈകുമെന്ന് സൂചന. ജില്ലയിലെ കണ്ട്രോള് റൂമിന്റെ പ്രവര്‍ത്തനം പൂര്‍ണമാകാത്തതും ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കാത്തതുമാണ് അനിശ്ചിതത്വം സൃഷ്ടിക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തെള്ളകത്താണ് കൺട്രോള് റൂം. കെല്‍ട്രോണാണ് ഇത് സജ്ജീകരിക്കുന്നത്. ഇവരാണ് ജീവനക്കാരെയും നിയോഗിക്കുന്നത്. ഏഴുപേരെയാണ് കണ്ട്രോള് റൂമിലേക്ക് ആവശ്യമുള്ളത്. എന്നാല്‍, നിലവില്‍ ഒരാള്‍ മാത്രമാണുള്ളത്. അതേസമയം, ജീവനക്കാരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇവർ ഉടൻ ചുമതലയേല്‍ക്കുമെന്നുമാണ് അധികൃതര്‍ പറയുന്നത്. ഇതിന് ദിവസങ്ങൾ വേണ്ടിവരുമെന്നാണ് സൂചന. ഇതിനുശേഷമായിരിക്കും പിഴ നോട്ടീസുകൾ വാഹന ഉടമകൾക്ക് ലഭിച്ചുതുടങ്ങുക.
ജില്ലയിൽ 44 എ.ഐ കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. കാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ കണ്ട്രോള് റൂമിലേക്കാകും പോകുക. ഇവിടെ നിന്ന് തരംതിരിച്ചു തെള്ളകത്തെ മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ട്രോള് റൂമിലേക്ക് അയക്കും. എല്ലാ ചിത്രങ്ങള്‍ക്കും നോട്ടീസ് അയക്കില്ല.
കണ്ട്രോള് റൂമില്‍ ലഭിക്കുന്ന ചിത്രങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ച് നിയമലംഘനം ഉറപ്പാക്കുന്ന ചിത്രങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ, നോട്ടീസ് അയക്കൂ.
സൗരോര്‍ജംകൊണ്ട് പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി പ്രശ്നങ്ങള്‍ ബാധിക്കില്ല. വാഹനത്തിന്റെ ചിത്രവും പിഴയും ഉള്‍പ്പെടുന്ന നോട്ടീസാണ് മോട്ടോര്‍ വാഹന വകുപ്പ് അയക്കുന്നത്. പിഴ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അയക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.