കോട്ടയം: ഭാഷാസ്നേഹികൾക്കും ഗവേഷകർക്കും വിദ്യാർഥികൾക്കും അറിവിന്റെ കലവറയുമായി നാട്ടകത്ത് അക്ഷരമ്യൂസിയം ഒരുങ്ങുന്നു.
നാലുഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന അക്ഷരമ്യൂസിയത്തിന്റെ ഒന്നാം ഘട്ടം 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നു നിലകളിലായി നിർമിച്ച കെട്ടിടത്തിൽ നാല് ഗാലറികൾ, തിയറ്റർ തുടങ്ങിയവയാണ് ഒരുക്കിയിട്ടുള്ളത്. മലയാളഭാഷയുടെ ഉൽപത്തിയും വളർച്ചയുമാണ് വാമൊഴി, വരമൊഴി, അച്ചടി എന്ന ആദ്യഘട്ടത്തിൽ ക്രമീകരിച്ചിട്ടുള്ളത്. വാമൊഴിയിൽനിന്ന് ചിത്രലിപിയിലേക്കുള്ള മാറ്റവും അച്ചടിയുടെ ചരിത്രവും നേരിലറിയാം. ഗുഹകളിലെ ചിത്രലിപികൾ, ഗോത്ര ലിപികൾ, വട്ടെഴുത്ത്, കോലെഴുത്ത്, താളിയോലകൾ, മൃഗങ്ങളുടെയും മരങ്ങളുടെയും തോൽ, മുള, പനയോല, ആമത്തോട്, പട്ട്, തുടങ്ങിയ എഴുത്തുപ്രതലങ്ങൾ, നാരായം, പഴയ തരം മഷിക്കുപ്പി, താളിയോലകൾ സൂക്ഷിക്കാനുപയോഗിക്കുന്ന പെട്ടി, കേരളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർഥം, സംക്ഷേപവേദാർഥം, ഗുട്ടൻ ബർഗിന്റെ 42 വരി ബൈബിൾ, റമ്പാൻ ബൈബിൾ, എസ്.പി.സി.എസുമായി ബന്ധപ്പെട്ട നൂറോളം പ്രശസ്തരുടെ ഒപ്പ്, പഴയ പത്രങ്ങൾ, പ്രസാധന ചരിത്രം, കാരൂർ നീലകണ്ഠപ്പിള്ളയുടെ കൈയക്ഷരത്തിലെഴുതിയ മിനിറ്റ്സ് തുടങ്ങി എണ്ണിയാൽ തീരാത്ത കൗതുകങ്ങളാണ് കാഴ്ചക്കാർക്കായി മ്യൂസിയത്തിൽ കാത്തിരിക്കുന്നത്.
ഈ വിവരങ്ങൾക്കൊപ്പം എല്ലാറ്റിനും ക്യു.ആർ. കോഡുമുണ്ട്. മ്യൂസിയത്തിന്റെ കാമ്പസിലും അത്ഭുതങ്ങളൊളിപ്പിച്ചിട്ടുണ്ട്. ലോകത്തിലെ ആദ്യത്തെ പ്രണയലേഖനമായി വ്യാഖ്യാനിക്കപ്പെടുന്ന, ജോഗിമാര ഗുഹലിഖിതമാണ് ഇതിൽ പ്രധാനം. ഛത്തീസ്ഗഡിലെ ഓംഗഡ് എന്ന സ്ഥലത്താണ് ജോഗിമാര ഗുഹ സ്ഥിതി ചെയ്യുന്നത്. ബി.സി.ഇ മൂന്നാം നൂറ്റാണ്ടിൽ അഞ്ചുവരിയിൽ ബ്രഹ്മി ലിപിയിലെഴുതപ്പെട്ടതാണിത്. നാരായം പിടിച്ച് എഴുതാനിരിക്കുന്ന സ്ത്രീകളുടെ ശിൽപങ്ങളുടെ മാതൃകയും കാമ്പസിലുണ്ട്.
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള നാട്ടകത്തെ പഴയ ഇന്ത്യ പ്രസ് വളപ്പിൽ 1500 ചതുരശ്ര അടിയിലാണ് മ്യൂസിയം നിർമിച്ചിരിക്കുന്നത്. എസ്.പി.സി.എസിന്റെ സ്ഥാപകരിലൊരാളായ കഥാകാരൻ കാരൂർ നീലകണ്ഠപ്പിള്ളയുടെ കൃഷ്ണ ശിലയിൽ തീർത്ത അർഥകായ പ്രതിമയാണ് മ്യൂസിയം കോംപ്ലക്സിൽ വരവേൽക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.