ചങ്ങനാശ്ശേരി: ഒറ്റമഴയില്‍ ഇടവഴികള്‍ വെള്ളക്കെട്ടില്‍ മുങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. വെള്ളിയാഴ്ച പകല്‍ പെയ്ത ശക്തമായ മഴയില്‍ ചങ്ങനാശ്ശേരി പി.പി. ജോസ് റോഡ്, എ.സി റോഡിന്റെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.
ഇടവഴികളിലെ ഓടകള്‍ നിറഞ്ഞുകവിഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികളും പ്രദേശവാസികളും ആരോപിച്ചു. പി.പി. ജോസ് റോഡ് നവീകരിച്ചെങ്കിലും ഓട നിര്‍മാണം പൂര്‍ത്തിയാകാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. ഓട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിലച്ചതോടെ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ല. വെള്ളം ഇറങ്ങിപ്പോകുന്നതിനും താമസമെടുക്കുന്നു. കാല്‍നടയാത്രികരും സമീപത്തെ വ്യാപാരസ്ഥാപനങ്ങളുമാണ് ദുരിതം അനുഭവിക്കുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കടകളിലേക്ക് വെള്ളം കയറുന്നതിനും ഇടയാക്കുന്നു. എസ്.ബി കോളജ്, അസംപ്ഷന്‍ കോളജ് വിദ്യാര്‍ഥികളും, സെന്‍ട്രല്‍ ജങ്ഷനിലെ തിരക്കൊഴിവാക്കി രണ്ടാം നമ്പര്‍ ബസ് സ്റ്റാന്‍ഡിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനുപയോഗിക്കുന്ന റോഡ് കൂടിയാണിത്. വെള്ളക്കെട്ട് കാരണം റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോർമറിന്റെ സംരക്ഷണവേലിയില്‍ പിടിച്ച് അപകടകരമായ അവസ്ഥയിലാണ് നടപ്പാതയിലേക്ക് കാല്‍നടയാത്രികര്‍ കടക്കുന്നത്. റോഡ് നിര്‍മാണത്തിനായി ഇറക്കിയിട്ട മെറ്റലും വെള്ളക്കെട്ടില്‍ മുങ്ങിയ നിലയിലാണ്.
നവീകരിച്ച എ.സി റോഡിലെ ഓട നിര്‍മാണം പൂര്‍ത്തിയാകാത്ത ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുന്നുണ്ട്. എ.സി റോഡ് നവീകരണ ഭാഗമായി റോഡ് ഉയര്ത്തിയായതിനാല് ഈ ഭാഗത്തെ ഇടറോഡുകള്‍ താഴ്ന്ന് സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ വെള്ളക്കെട്ട് രൂപപ്പെട്ട് സമീപവീടുകളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.