കോട്ടയം: സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആവിഷ്കരിച്ച ആംനസ്റ്റി പദ്ധതിയും ജില്ലയിലെ ജല അതോറിറ്റിയെ സഹായിച്ചില്ല.
ഉപഭോക്താക്കളുടെ കുടിവെള്ള ചാർജ് കുടിശ്ശിക തീർപ്പാക്കാൻ നടപ്പാക്കിയ പദ്ധതിപ്രകാരം ജില്ലയിൽ സമാഹരിക്കാനായത് 1.35 കോടി മാത്രം. 2022 ജൂലൈയിലെ കണക്ക് പ്രകാരം കോട്ടയം, കടുത്തുരുത്തി ഡിവിഷനുകളിലായി 26.57 കോടി കുടിശ്ശികയുണ്ടെന്നിരിക്കെയാണിത്. പദ്ധതിപ്രകാരം ജല അതോറിറ്റിയുടെ രണ്ടു ഡിവിഷനുകളിലായി 3427 അപേക്ഷകളാണ് സ്വീകരിച്ചത്. ഇതിൽ 3415 അപേക്ഷ പരിഹരിച്ചു. 26,57,08,322 കോടിയായിരുന്നു ജില്ലയിലെ ആകെ കുടിശ്ശിക. 14 കോടി ആംനസ്റ്റി പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു. 49 ലക്ഷം രൂപ തവണകളായി അടക്കാൻ അനുവദിച്ചു. പരിഹരിക്കാതെ കിടന്ന പരാതികൾ പരിഹരിച്ചതിന്റെ ഫലമായി 7.89 കോടി ഒഴിവാക്കി നൽകി.
കോട്ടയം ഡിവിഷനിൽ കുടിശ്ശികയുണ്ടായിരുന്ന 24.61 കോടിയിൽ 13.73 കോടി പദ്ധതിയിൽ ഉൾക്കൊള്ളിച്ചു. 9.40 ലക്ഷം രൂപ തവണകളായി അടക്കാൻ അവസരം നൽകി. 7.63 കോടി എഴുതിത്തള്ളി. 84.76 ലക്ഷം രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്.
കടുത്തുരുത്തി ഡിവിഷനിൽ കുടിശ്ശികയുണ്ടായിരുന്ന 1.95 കോടിയിൽ 1.16 കോടി രൂപ ആംനസ്റ്റി പദ്ധതിയിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞു. 40 ലക്ഷം രൂപ തവണകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 26 ലക്ഷം രൂപ ഒഴിവാക്കി നൽകി. 50.72 ലക്ഷം രൂപയാണ് സമാഹരിക്കാനായത്. ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള കുടിശ്ശികത്തുക പിരിച്ചെടുക്കുന്നതിനും പരാതികൾ പരിഹരിക്കാനുമായാണ് കഴിഞ്ഞവർഷം ജൂലൈ മുതൽ സെപ്റ്റംബർ 30വരെ ആംനസ്റ്റി പദ്ധതി നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.