കോട്ടയം: സ്പിൽ ഓവർ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയുള്ള 2024-25ലെ വാർഷിക പദ്ധതി ഭേദഗതി കൗൺസിലിൽ വെച്ചത് ധനകാര്യ സ്ഥിരംസമിതിയുടെ അംഗീകാരമില്ലാതെ. ധനകമ്മിറ്റിയുടെ അംഗീകാരമില്ലാതെയും പദ്ധതിരേഖകൾ നൽകാതെയും അജണ്ട അംഗീകരിക്കാനാവില്ലെന്ന് കൗൺസിലർമാർ നിലപാടെടുത്തതോടെ വിഷയം 26ലേക്ക് മാറ്റി. ഇതേച്ചൊല്ലി ഏറെ നേരം കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങി. ചില നിർബന്ധിത പ്രോജക്ടുകൾകൂടി ഉൾപ്പെടുത്തി വാർഷിക പദ്ധതി സമർപ്പിക്കാൻ ഈ മാസം ഏഴിന് സർക്കാർ ഉത്തരവുണ്ടായിരുന്നു. ഇതുപ്രകാരം 27നുമുമ്പ് പദ്ധതികൾ ഡി.പി.സിക്ക് സമർപ്പിക്കേണ്ടതാണ്. അതിനായാണ് ഒറ്റ അജണ്ട മാത്രം വെച്ച് അടിയന്തര യോഗം ചേർന്നത്. എന്നാൽ, ഭേദഗതികൾ എന്താണെന്നോ പദ്ധതി വിവരങ്ങളോ കൗൺസിലർമാർക്ക് ലഭ്യമാക്കിയില്ല.
18ന് ധനകമ്മിറ്റി ചേർന്ന് അംഗീകരിച്ച തീരുമാനങ്ങൾ എന്ന സൂചന വെച്ചാണ് അജണ്ട തയാറാക്കിയിരുന്നത്. എന്നാൽ, കമ്മിറ്റി ചേർന്നെങ്കിലും തീരുമാനങ്ങൾ അംഗീകരിച്ചിരുന്നില്ല എന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ അറിയിച്ചു. തീരുമാനങ്ങളുടെ അനുബന്ധരേഖകൾ ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ഹാജരാക്കിയില്ല. ഇതിനാലാണ് തീരുമാനങ്ങൾ അംഗീകരിക്കാതിരുന്നതെന്നും വൈസ് ചെയർമാൻ വ്യക്തമാക്കി. ഈ മാസം ഏഴിന് വന്ന ഉത്തരവ് പ്രകാരം കൗൺസിൽ വെക്കാൻ ഇത്ര വൈകിയതിനെ പ്രതിപക്ഷ നേതാവ് ഷീജ അനിൽ വിമർശിച്ചു. സ്ഥിരംസമിതികൾ ചേർന്ന് ചർച്ച ചെയ്തശേഷമാണ് കൗൺസിൽ വെച്ചതെന്നും അതിനാലാണ് കാലതാമസം വന്നതെന്നും സെക്രട്ടറി അറിയിച്ചു. അജണ്ട മാറ്റിവെക്കണമെന്ന് കൗൺസിലർമാർ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ലെങ്കിൽ തനിക്കൊഴികെ എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടാവുമെന്ന് ചെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു. ഏറെ ബഹളങ്ങൾക്കും വാക്കേറ്റങ്ങൾക്കുമൊടുവിലാണ് കൗൺസിൽ പിരിഞ്ഞത്.
വാക്കേറ്റത്തിനിടെ ചെയർപേഴ്സന്റെ മേശപ്പുറത്തെ മണി എടുത്തെറിഞ്ഞ് ബി.ജെ.പി കൗൺസിലർ കെ. ശങ്കരൻ. സംസാരിക്കുന്നതിനിടെ ചെയർപേഴ്സൻ നിർത്താതെ മേശപ്പുറത്തെ മണിയടിച്ചതാണ് കൗൺസിലറിനെ ചൊടിപ്പിച്ചത്. നഗരസഭ ശുചീകരണവിഭാഗം ജീവനക്കാരുടെ ക്വാർട്ടേഴ്സുകളുടെ ശോച്യാവസ്ഥ കൗൺസിലർ റീബ വർക്കി ഉന്നയിച്ചതിനെ തുടർന്നാണ് തർക്കം തുടങ്ങിയത്. വിഷയം ശങ്കരൻ ഏറ്റുപിടിച്ചു. ജനകീയ വിഷയങ്ങൾ ഉന്നയിക്കുമ്പോൾ ഇത്തരത്തിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് ശങ്കരൻ പറഞ്ഞു. രണ്ടുപേരും നിർത്താതെ പരസ്പരം വാക്കേറ്റമായി. 24 മണിക്കൂർ താൻ നിർത്താതെ സംസാരിക്കുമെന്ന് ശങ്കരനും നിർത്താതെ മണിയടിച്ച് ചെയർപേഴ്സനും. ഒടുവിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധവുമായി ചെയർപേഴ്സന്റെ ചെയറിനരികിലെത്തി വാക്കേറ്റം തുടർന്നു. ഇതിനിടയിലാണ് മണി എടുത്തെറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.