കോട്ടയം: കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡിൽ (കെ.പി.പി.എൽ) വീണ്ടും തീപിടിത്തം. കോൾ ഹാൻഡ്ലിങ് പ്ലാന്റിൽ വ്യാഴാഴ്ച പുലർച്ച അഞ്ചിനാണ് തീപിടിത്തമുണ്ടായത്. അഞ്ച് കൺവെയറുകളും റോളറുകളും മോട്ടോറുകളും കത്തിനശിച്ചു. കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന രണ്ടര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. പൊടിച്ച കൽക്കരി റബർ കൺവെയറിലൂടെ കടത്തിവിട്ട് ടാങ്കിൽ സംഭരിച്ച് അവിടെനിന്നാണ് ബോയ്ലറിലേക്ക് എത്തിക്കുക. ടാങ്കിൽ കൽക്കരി നിറഞ്ഞാൽ പ്ലാന്റ് പ്രവർത്തനം നിർത്തും.
കൽക്കരി കുറയുന്നതിനനുസരിച്ചാണ് പിന്നെ പ്ലാന്റ് പ്രവർത്തിപ്പിക്കുക. തീപിടിത്തമുണ്ടാവുന്ന സമയത്ത് ടാങ്കിൽ കൽക്കരി ഉണ്ടായിരുന്നതിനാൽ പ്ലാന്റ് പ്രവർത്തിപ്പിച്ചിരുന്നില്ല. തൊഴിലാളികളും ഉണ്ടായിരുന്നില്ല. കൺവെയറിൽ കൂടിക്കിടന്ന കൽക്കരി ചൂടിൽ കത്തിയതാണെന്നാണ് കരുതുന്നത്.
വലിയ തോതിൽ തീ ഉയർന്നില്ലെങ്കിലും റബർ ബെൽറ്റ് ആയതിനാൽ പുകഞ്ഞ് കത്തുകയായിരുന്നു. കമ്പനി സെക്യൂരിറ്റി വിഭാഗം തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആകെയുള്ള ഏഴ് കൺവെയറിൽ അഞ്ചെണ്ണമാണ് കത്തിയത്.
പ്ലാന്റ് പ്രവർത്തിപ്പിക്കാനാവാത്തതിനാൽ ഉൽപാദനം നിർത്തിവെച്ചു.
പുതിയ ബെൽറ്റുകൾക്ക് ഓർഡർ നൽകിയിട്ടുണ്ടെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നുമാണ് അധികൃതരുടെ വിശദീകരണം. ട്യൂബിലെ ചോർച്ചമൂലം ബോയിലർ അറ്റകുറ്റപ്പണിക്കുശേഷം ബുധനാഴ്ച രാത്രിയാണ് പ്രവർത്തിപ്പിച്ചുതുടങ്ങിയത്.
ഒക്ടോബർ അഞ്ചിന് കമ്പനിയിലെ പേപ്പർ പ്ലാന്റിൽ വൻ തീപിടിത്തം ഉണ്ടായിരുന്നു. പൊലീസും പ്രത്യേക സമിതിയും അന്വേഷണം നടത്തിയിട്ടും ഇതുവരെ കാരണം കണ്ടെത്താനായിട്ടില്ല.
കോടികൾ വിലയുള്ള പേപ്പർമെഷീനാണ് അന്ന് കത്തിനശിച്ചത്. തിടുക്കപ്പെട്ട് അറ്റകുറ്റപ്പണി നടത്തി നവംബർ 28നാണ് ഉൽപാദനം പുനരാരംഭിച്ചത്. കമ്പനിയിലെ പല പ്ലാന്റുകളിലും തീപിടിത്തം പതിവാണെന്നാണ് തൊഴിലാളികൾ പറയുന്നത്. വലിയ നാശനഷ്ടം സംഭവിക്കാത്തതിനാൽ പുറത്തറിയാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.