കോട്ടയം: എയ്ഡഡ് രംഗത്ത് ടെസ്റ്റ് യോഗ്യതയിൽ ഇളവുനേടി പ്രൈമറി സ്കൂൾ പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റം നേടിയവരുടെ നിയമനങ്ങൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. ഇതുപ്രകാരം താൽക്കാലിക സ്ഥാനക്കയറ്റം നേടിയവരെ ക്രമപ്പെടുത്താൻ വിദ്യാഭ്യാസ ഓഫിസർമാർക്ക് നിർദേശം നൽകി ഉത്തരവിറങ്ങി.
പ്രധാന അധ്യാപക നിയമനം സംബന്ധിച്ച് കേസ് നടക്കുന്നതിനാൽ സീനിയോറിറ്റിയനുസരിച്ച് താൽക്കാലികമായാണ് സർക്കാർ, എയ്ഡഡ് മേഖലയിൽ സ്ഥാനക്കയറ്റം നൽകിയിരുന്നത്. കെ.ഇ.ആർ ചട്ടത്തിൽ സർക്കാർ വരുത്തിയ ഭേദഗതി ട്രൈബ്യൂണൽ സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇത് എയ്ഡഡിനു ബാധകല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വിദ്യാഭ്യാസ ഓഫിസർമാർക്കിടയിലുണ്ടായിരുന്ന അവ്യക്തത നീക്കിയാണ് 50 വയസ്സ് കഴിഞ്ഞവർക്ക് യോഗ്യത പരീക്ഷ വേണ്ടെന്നും സ്ഥാനക്കയറ്റം നേടിയവർക്ക് നിയമന അംഗീകാരം നൽകാമെന്നും ഉത്തരവിറക്കിയത്.
12 വര്‍ഷ സര്‍വിസും വകുപ്പുതല പരീക്ഷയും വിജയിച്ചവരെയാണ് പ്രധാന അധ്യാപകരായി സ്ഥാനക്കയറ്റത്തിന് പരിഗണിക്കുക. കെ.ഇ.ആർ അനുസരിച്ച് യോഗ്യത പറയുന്നുണ്ടെങ്കിലും 50 കഴിഞ്ഞവരുടെ കാര്യത്തിൽ ഇളവുണ്ടെന്ന് വ്യവസ്ഥ ചെയ്തിരുന്നില്ല. തുടർന്ന് സർക്കാർ 50 കഴിഞ്ഞവർക്ക് യോഗ്യത പരീക്ഷ വേണ്ടെന്ന് ഭേദഗതി വരുത്തി. ഇതിനെതിരെ ചട്ടപ്രകാരം യോഗ്യതയുള്ളവർ കോടതിയിൽ പോയി. തുടർന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ ഭേദഗതി സ്റ്റേ ചെയ്തു. ഇതോടെ ഹെഡ്മാസ്റ്റർ നിയമനം തടസ്സപ്പെട്ടപ്പോഴാണ് താൽക്കാലിക നിയമനം നടത്തിയത്.
അതേസമയം, ഇത്തരത്തിൽ നിയമനം നേടിയ സർക്കാർ അധ്യാപകർക്ക് ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. ഒന്നരവർഷമായി ശമ്പളവും ആനുകൂല്യങ്ങളുമില്ലാത്ത ഇവർ മനുഷ്യാവകാശ കമീഷനെ സമീപിക്കാനൊരുങ്ങുകയാണ്.
സർക്കാർ നിലപാട് പ്രതിഷേധാർഹമെന്ന് ഗവ. പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ
കോട്ടയം: ഗവ. പ്രൈമറി സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് ശമ്പളാനുകൂല്യങ്ങൾ അനുവദിക്കാത്ത സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് കേരള ഗവ. പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി.
കോടതിവിധി എന്തുതന്നെ ആയാലും സ്കെയിൽ അനുവദിച്ച് ശമ്പളാനുകൂല്യങ്ങൾ നൽകാൻ സർക്കാർ തയാറാകണം. കോടതിവിധിയനുസരിച്ച് ആരെങ്കിലും പുറത്തുപോകേണ്ടിവന്നാൽ അവരിൽനിന്ന് അധികമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാൻ നിലവിൽ വ്യവസ്ഥയുണ്ട്. അതനുസരിച്ച് അടിയന്തരമായി സർക്കാർ തീരുമാനം കൈക്കൊള്ളണം. സർക്കാർ പുലർത്തുന്ന അവഗണനയും അനിശ്ചിതത്വവും അവസാനിപ്പിക്കണമെന്നും അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.