കോട്ടയം: ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഉഴവൂർ പഞ്ചായത്തിലെ അരീക്കുഴി പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം. പഞ്ചായത്ത് സമർപ്പിച്ച 88 ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ജോണിസ് പി. സ്റ്റീഫൻ, വൈസ് പ്രസിഡന്റ് ഏലിയമ്മ കുരുവിള എന്നിവർ അറിയിച്ചു. അരീക്കുഴി വെള്ളച്ചാട്ടം, ആനക്കല്ലുമല, കെ.ആർ. നാരായണൻ സ്മൃതി മണ്ഡപം എന്നിവ ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് ഉഴവൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്ത് ടൂറിസം വകുപ്പിനെ സമീപിച്ചിരുന്നു. അരീക്കുഴി വെള്ളച്ചാട്ടത്തിനാണ് നിലവിൽ അംഗീകാരം നൽകിയിരിക്കുന്നത്. ആനക്കല്ലുമല പദ്ധതിക്ക് റവന്യൂ വകുപ്പിന്റെ എൻ.ഒ.സി ആവശ്യമാണെന്നും നടപടി ക്രമങ്ങൾ നടന്നുവരുകയാണെന്നും വാർഡ് മെംബർ സിറിയക് കല്ലട അറിയിച്ചു. സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സിൽക് മുഖാന്തരമാണ് പഞ്ചായത്ത് കമ്മിറ്റി എസ്റ്റിമേറ്റ് ലഭ്യമാക്കിയത്. പദ്ധതി തുകയുടെ 60 ശതമാനം തുക ടൂറിസം വകുപ്പാണ് വഹിക്കുന്നത്. ബാക്കി തദ്ദേശസ്ഥാപനം മറ്റ് സ്രോതസ്സുകളിലൂടെ കണ്ടെത്തണം. പദ്ധതിയുടെ തുടർപരിപാലനവും നടത്തിപ്പും പഞ്ചായത്ത് നടപ്പാക്കും.
ഉഴവൂർ ടൗണിൽ നിന്ന് 2.5 കി.മീ. ദൂരത്തായി നാലാം വാർഡിലാണ് നാട്ടുഭംഗിയുടെ നേർകാഴ്ചയൊരുക്കി അരീക്കുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വെള്ളം കാര്യമായില്ലാത്ത മൂന്നു മാസം മാറ്റി നിർത്തിയാൽ അരീക്കുഴി ജലസമൃദ്ധമാണ്. ചെക്ക് ഡാം കൂടി എത്തുന്നതോടെ സാധ്യതകൾ വർധിക്കും. വെള്ളച്ചാട്ടത്തോടു ചേർന്ന പുറമ്പോക്ക് ഭൂമിയും ടൂറിസം സാധ്യതകൾക്ക് അവസരം ഒരുക്കും. പദ്ധതി പ്രദേശത്തോടു ചേർന്ന് കുടുംബശ്രീ/ ഹരിതകർമ സേനാംഗങ്ങളെ ഉൾപ്പെടുത്തി വനിത കഫേ മാതൃകയിൽ സംരംഭങ്ങൾ ആരംഭിക്കാനും ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.