കോട്ടയം: പാലായിലെ കോൺഗ്രസ് പ്രവർത്തകനായ സഞ്ജയ് സഖറിയയുടെ അറസ്റ്റിനെച്ചൊല്ലി തുടരുന്ന കോൺഗ്രസ്-കേരള കോൺഗ്രസ് എം തർക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്.
സമൂഹമാധ്യമങ്ങളിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോരാണ് പ്രഫ.കെ. ചാണ്ടിയുടെ കൊച്ചുമകനായ സഞ്ജയ് സഖറിയാസിെൻറ അറസ്റ്റിലെത്തിയത്. സമൂഹ മാധ്യമങ്ങളിലൂടെ കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ.മാണി, തോമസ് ചാഴികാടന് എം.പി തുടങ്ങിയവരെ അപമാനിച്ചെന്ന കേസിലാണ് സഞ്ജയെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
എന്നാൽ, തന്നെയും ഭാര്യയെയും അപമാനിച്ചെന്നുകാട്ടി സഞ്ജയും പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. ഇതോടെ ജോസ് കെ.മാണിയുടെ സമ്മർദത്തിന് വഴങ്ങി പൊലീസ് സഞ്ജയെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിന് തുടക്കമിട്ടു.
സഞ്ജയെ പിന്തുണച്ച് മാണി സി.കാപ്പൻ എം.എൽ.എയും രംഗത്തെത്തിയതോടെ ആരോപണ- പ്രത്യാരോപണങ്ങൾ ശക്തമായി. കേസിൽ ജാമ്യം ലഭിച്ച് ജയിലിൽനിന്ന് പുറത്തിറങ്ങിയ സഞ്ജയെ സ്വീകരിക്കാൻ ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് നേരിട്ടെത്തിയതോടെ തർക്കം കടുത്തു. കേരള കോൺഗ്രസ് പാലായിൽ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം പാലാ പൊലീസ് സ്റ്റേഷൻ മാർച്ചും നടത്തി.
ഇത് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷ് രൂക്ഷവിമർശനമാണ് കേരള കോൺഗ്രസിനും ചെയർമാൻ ജോസ് കെ.മാണിക്കുമെതിരെ ഉയർത്തിയത്. കോൺഗ്രസ് പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കാതെ ജോസ് കെ.മാണി രാഷ്ട്രീയമായി നേരിട്ട് പോരടിക്കുകയാണ് വേണ്ടതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
ബുധനാഴ്ച കോട്ടയത്ത് വാർത്തസമ്മേളനം നടത്തിയ സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ കേരള കോൺഗ്രസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി. നാട്ടകം സുരേഷിെൻറ സാന്നിധ്യത്തിലായിരുന്നു സൂര്യ മാധ്യമപ്രവർത്തകരെ കണ്ടത്. ഇവരുടെ വാർത്തസമ്മേളനം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോര്‍ജ് കോൺഗ്രസിന് മറുപടിയുമായി രംഗത്തെത്തി. തർക്കം തുടരുന്ന സാഹചര്യത്തിൽ 'പാലായിലെ പോരാട്ടം' ഇരുപാർട്ടി നേതൃത്വങ്ങളും ഏറ്റെടുക്കുമെന്നാണ് സൂചന.
കോൺഗ്രസ് ക്രിമിനൽകേസ് പ്രതിയെ സംരക്ഷിക്കുന്നു –സ്റ്റീഫൻ േജാർജ്
കോട്ടയം: പകയുടെ രാഷ്ട്രീയമാണ് കോൺഗ്രസ് പാലായിൽ കാട്ടുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപക്കേസിൽ അറസ്റ്റിലായ പ്രതിക്കുവേണ്ടി കോണ്‍ഗ്രസ് രംഗത്തുവന്നത് പാർട്ടിയുടെ അധഃപതനത്തിെൻറ തെളിവാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സംഘടനപരമായി ദുര്‍ബലമായ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ സ്ഥാനമാനങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് കോണ്‍ഗ്രസിെൻറ അപചയമാണ് കാട്ടുന്നത്. പ്രതികളെ സംരക്ഷിക്കുന്ന സംസ്കാരം എന്നാണ് ആരംഭിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണം.
കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സഞ്ജയ് സഖറിയായെ അറസ്റ്റ് ചെയ്തത്. കെ.എം. മാണിയോടും അദ്ദേഹത്തിെൻറ കുടുംബത്തോടുമുള്ള പകയാണ് ക്രിമിനല്‍ കേസ് പ്രതിയെ സംരക്ഷിക്കാൻ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നതെന്നും സ്റ്റീഫൻ ജോർജ് ആരോപിച്ചു. ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം, മീഡിയ കോഓഡിനേറ്റര്‍ വിജി. എം.തോമസ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
കുടുംബത്തെ വേട്ടയാടുന്നു –സൂര്യ
കോട്ടയം: രാഷ്ട്രീയ വിരോധത്തിെൻറ പേരിൽ പൊലീസിനെ ഉപയോഗിച്ച് ജോസ് കെ.മാണിയും പാർട്ടിയും തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്ന് സഞ്ജയ് സക്കറിയാസിെൻറ ഭാര്യ സൂര്യ ആർ.നായർ. തനിക്കും കുട്ടികൾക്കുമെതിരെ അശ്ലീല അധിക്ഷേപ പരാമർശങ്ങൾ നടത്തിയ കേരള കോൺഗ്രസ് ഭാരവാഹികൾക്കെതിരെ പൊലീസിൽ തെളിവുകൾ സഹിതം പരാതി നൽകി 60 ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തിട്ടില്ലെന്ന് സൂര്യ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ നടത്തിയ അശ്ലീല പ്രചാരണം ഗൂഢാലോചനയുടെ ഭാഗമാണ്. ഇതിന് ജോസ് കെ.മാണിയുടെ സഹായമുണ്ടെന്നും ഇവർ ആരോപിച്ചു. പൊലീസ് കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത് ജോസ് കെ.മാണിയുടെ ഇടപെടൽ മൂലമാണ്. 'പാലാക്കാരൻ ചേട്ടൻ' ഫേസ്ബുക് പേജിെൻറ മാത്രം അഡ്മിനായിരുന്ന സഞ്ജയ് മറ്റു നിരവധി പേജുകളുടെ ഉത്തരവാദിയാണെന്നുകാട്ടി കള്ളക്കേസ് ചമച്ചു കുടുക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. പരാതിയിൽ അന്വേഷണം പോലും നടത്താതെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തെൻറ പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ ജോസ് കെ.മാണി രാജ്യസഭാ എം.പിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോട്ടയത്ത് ഗാന്ധിപതിമക്ക് മുന്നിൽ സത്യഗ്രഹം നടത്തുമെന്നും സൂര്യ പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് നാട്ടകം സുരേഷും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.