കോട്ടയം: വൈക്കത്തഷ്ടമിയോടനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കിയതായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വൈക്കം എ.എസ്.പിയുടെ കീഴില്‍ 500ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. നിലവിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പുറമെയാണിത്. അഷ്ടമി ദർശനം, പള്ളിവേട്ട, ആറാട്ട് എന്നീ ആഘോഷങ്ങൾക്ക് മുന്നോടിയായാണ് പൊലീസിന്റെ മുൻകരുതൽ. പൊലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാനും സ്ത്രീകളുടെ സുരക്ഷക്കും പ്രത്യേകം വനിത പൊലീസ് ഉദ്യോഗസ്ഥരെയും മോഷണം, പിടിച്ചുപറി, മറ്റു സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ മഫ്തി പൊലീസിനെയും നിയോഗിച്ചു.
ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചിലും പരിസരങ്ങളിലും പൊലീസിന്റെ പ്രത്യേക പട്രോളിങ്ങും ഏർപ്പെടുത്തി. വൈക്കത്തും പരിസരങ്ങളിലും 40ഓളം സി.സി ടി.വി കാമറ സ്ഥാപിച്ചു.
ബൈക്ക് പട്രോളിങ്ങും കൺട്രോൾ റൂം വാഹന പട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തി. അമ്പലവും പരിസരവും നിരീക്ഷിക്കാൻ മാത്രം പ്രത്യേക സി.സി ടി.വി കാമറകളും സ്ഥാപിച്ചു.
ഞായറാഴ്ച മുതൽ വൈക്കം ടൗണിലും ക്ഷേത്രത്തിന്റെ പരിസരങ്ങളിലും ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പടിഞ്ഞാറേ നട ഒഴികെയുള്ള വാതിലിലൂടെ ഭക്തർക്ക് അകത്തേക്ക് പുറത്തേക്കും പ്രവേശിക്കാൻ കഴിയുന്നതിനാൽ ഇവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് വൈക്കവും പരിസരങ്ങളും പൊലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.