അതിരമ്പുഴ: അതിരമ്പുഴ ആശുപത്രി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററായി തുടരും. അതിരമ്പുഴ ഗവ. ആശുപത്രി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളെ തരംതാഴ്ത്തിയ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. തരംതാഴ്ത്തൽ തീരുമാനത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് നടപടി.
തരംതാഴ്ത്തലിനെ തുടർന്ന് അതിരമ്പുഴയിൽനിന്ന് ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സിങ് സൂപ്പർവൈസർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് എന്നിങ്ങനെ ഒമ്പത് ജീവനക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിനിയമിച്ചിരുന്നു. ഉത്തരവ് മരവിപ്പിച്ചതോടെ തിരികയെത്താൻ ഇവർക്ക് ജില്ല മെഡിക്കൽ ഓഫീസർ നിർദ്ദേശം നൽകി. 21ന് അതിരമ്പുഴ ആശുപത്രിയിൽ തിരികെ ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്.
നേരത്തെ, അതിരമ്പുഴ ഗവ. ആശുപത്രിയെ തരംതാഴ്ത്തിയ നീക്കത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു. വിവിധ രാഷ്ട്രീയപാർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ ഡി.എം.ഒയും അതിരമ്പുഴ ആശുപത്രിയെ ബ്ലോക്ക് സെന്ററായി നിലനിർത്തണമെന്ന് ശിപാർശ ചെയ്തിരുന്നു.
റവന്യു ബ്ലോക്ക് അടിസ്ഥാനപ്പെടുത്തി ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂനിറ്റുകൾ പുനക്രമീകരിക്കണമെന്ന് സെപ്റ്റംബർ ആറിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതനുസരിച്ച് ഒരു റവന്യൂ ബ്ലോക്കിൽ ഒരു ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ മാത്രമേ പാടുള്ളൂ. ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ, കുമരകം ഗവ. ആശുപത്രികൾ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററുകളായിരുന്നു. ഇതിൽ കുമരകത്തെ നിലനിർത്തി അതിരമ്പുഴ ഗവൺമെന്റ് ആശുപത്രിയെ തരംതാഴ്ത്തി. കുടുംബാരോഗ്യ കേന്ദ്രമായാണ് മാറ്റിയത്. ഇതിലൂടെ ആശുപത്രിക്കുള്ള ഫണ്ട് വിഹിതം താഴുന്നതിനൊപ്പം ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ടാകും. രോഗീപരിചരണം ഉൾപ്പെടെയുള്ളവയെ പ്രതികൂലമായി ബാധിക്കുമെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
ആശുപത്രിയുടെ പദവി നിലനിർത്തണമെന്നാവശ്യപ്പെട്ട് അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. കോൺഗ്രസ്, കേരള കോൺഗ്രസ്, ഐ.എൻ.ടി.യു.സി പ്രത്യക്ഷ സമരപരിപാടികളുമായി രംഗത്തിറങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യൻ കമ്മിറ്റിയിൽ വിയോജിപ്പും അറിയിച്ചിരുന്നു.
നേരത്തെ ഏറ്റുമാനൂർ ബ്ലോക്കിൽ അതിരമ്പുഴ ഗവ. ആശുപത്രിയായിരുന്നു ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്റർ. പിന്നീട് കുമരകം ഗവ. ആശുപത്രിയെ കൂടി ബ്ലോക്ക് പബ്ലിക് ഹെൽത്ത് സെന്ററാക്കുകയായിരുന്നു. നിലവിൽ 40 കിടക്കകളുള്ള അതിരമ്പുഴ ആശുപത്രി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ റഫറൽ ആശുപത്രി കൂടിയാണ്. 400 ലേറെ പേർ ദിവസേന ഇവിടെ ചികിത്സ തേടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.