കോട്ടയം: കൂടെ നടന്നവർക്ക് നന്ദിചൊല്ലി ബിനു കെ. നായർ ജീവിതത്തിലേക്ക് മടങ്ങുന്നു. ശസ്ത്രക്രിയക്കായി നീക്കിയ തലയോട്ടിയുടെ ഭാഗം പുനഃസ്ഥാപിക്കാത്തതിനാൽ കടുത്ത ശാരീരികപ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു ബിനു. കഴിഞ്ഞ മാർച്ചിലാണ് തലയോട്ടി പുനഃസ്ഥാപിച്ചത്. ആറുമാസത്തെ വിശ്രമം കഴിഞ്ഞ് പൂർണ ആരോഗ്യവാനായി. ഒരുവർഷത്തെ ഇടവേളക്കുശേഷം അടുത്ത തിങ്കളാഴ്ച മുതൽ മിഡാസിനു കീഴിലെ കമ്പനിയിൽ വർക്കറായി ജോലി പുനരാരംഭിക്കും. ഏറ്റുമാനൂർ പട്ടിത്താനം പ്രണവം വീട്ടിൽ കൃഷ്ണൻകുട്ടി നായരുെട മകനായ ബിനുവിനെ (42) നെഞ്ചുവേദനയെത്തുടർന്ന് കഴിഞ്ഞവർഷം ഒക്ടോബറിലാണ് കോട്ടയത്തെ ആശുപത്രിയിൽ എത്തിച്ചത്. അന്നുതന്നെ ആൻജിയോപ്ലാസ്റ്റിക് വിധേയനാക്കി. കടുത്ത തലവേദനയെത്തുടർന്ന് 31ന് ഓർമ നഷ്ടപ്പെട്ടതോടെ സി.ടി സ്കാൻ ചെയ്തു. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തരമായി തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. തലയിൽ നീരുവന്നതിനെതുടർന്ന് തലയോട്ടിയുടെ ഒരുഭാഗം ആശുപത്രിയിലെ ഫ്രീസറിൽവെച്ചു. നീരുമാറിയശേഷമേ സർജറി നടത്തി തിരിച്ചുവെക്കാനാവൂ എന്നാണ് പറഞ്ഞിരുന്നത്.
23 ദിവസം ഐ.സി.യുവിലടക്കം കിടന്നശേഷം ഡിസ്ചാർജ് ചെയ്തു. എന്നാൽ, സർജറി നടത്തി തലയോട്ടിയുടെ ഭാഗങ്ങൾ പുനഃസ്ഥാപിക്കാൻ ആശുപത്രി അധികൃതർ തയാറായില്ല. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞയാൾക്ക് രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുന്നത് അപകടമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടുപോകാനുമായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ബിനുവിെൻറ സഹപ്രവർത്തകർവഴി ഇ.എസ്.ഐ സൂപ്രണ്ടും ജില്ല ലേബർ ഓഫിസറും ഇടപെട്ടിട്ടും ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യങ്ങൾക്ക് മാറ്റമുണ്ടായില്ല. കോവിഡ് സാഹചര്യത്തിൽ അണുബാധയുടെ ഭീതിയുള്ളതിനാലാണ് മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ബിനുവിെൻറ വീട്ടുകാർ മടിച്ചത്.
ഹൃദയാഘാതം വന്നതിനെത്തുടർന്ന് ഓർമക്കും പ്രശ്നമുണ്ടായിരുന്നു. ഇടതുവശത്ത് തലയോട്ടിയുടെ ഭാഗം ഇല്ലാത്തതിനാൽ ചെരിഞ്ഞുകിടക്കാൻപോലും കഴിയുന്നുണ്ടായിരുന്നില്ല. ഭാര്യ സൗമ്യ സ്വകാര്യകമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് ബിനുവിനെ നോക്കിയിരുന്നത്. നാലുമാസത്തിനുശേഷം ഫ്രീസറിൽ സൂക്ഷിച്ച തലയോട്ടിയുടെ ഭാഗം ആശുപത്രി അധികൃതർ വിട്ടുനൽകി. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി തലയോട്ടി പുനഃസ്ഥാപിക്കുകയായിരുന്നു. ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകളില്ലെന്നും ജോലിക്ക് പോകാമെന്ന് ഡോക്ടർ അറിയിച്ചതോടെ സന്തോഷത്തിലാണെന്നും ബിനു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.