കോട്ടയം: ഒരുമാസത്തെ ഇടവേളക്കുശേഷം കോട്ടയത്ത് വീണ്ടും പക്ഷിപ്പനി. വൈക്കം വെച്ചൂർ മെച്ചുർകാവ് കട്ടമട പാടശേഖരത്തിലെ താറാവുകൾക്കാണ് രോഗബാധ. വൈക്കം കുടവെച്ചൂർ തൊട്ടുവേലിച്ചിറ റിയാസ് വളർത്തുന്ന 1044 താറാവുകളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒപ്പം സമീപ പാടശേഖരത്തിലെ 5261 താറാവുകളെയും െകാന്നുകത്തിച്ചു.
രോഗം സ്ഥിരീകരിച്ച പാടശേഖരത്തിെൻറ ഒരുകിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും കൊന്നൊടുക്കാനാണ് മൃഗസംരക്ഷണവകുപ്പിെൻറ തീരുമാനം. 2900 താറാവുകൾ ഇനി ഈ മേഖലയിൽ അവശേഷിക്കുന്നതായാണ് വകുപ്പിെൻറ കണക്ക്. ശനിയാഴ്ച ഇവയെ കൊന്നുകത്തിച്ചശേഷം മേഖലയിൽ അണുനശീകരണം നടത്തും. മൂന്നുമാസം ഇവിടെ നിരീക്ഷണവും തുടരും.
താറാവുകൾ തുടർച്ചയായി ചത്തതിനെതുടർന്ന് റിയാസ് അറിയിച്ചതനുസരിച്ച് മൃഗസംരക്ഷണവകുപ്പ് അധികൃതർ സ്ഥലത്തെത്തി സാമ്പിളുകൾ ശേഖരിക്കുകയും ഭോപ്പാലിലെ വെറ്ററിനറി ഹൈസെക്യൂരിറ്റി വൈറോളജി ലാബിലേക്ക് പരിശോധനക്കായി നൽകുകയുമായിരുന്നു. ജനുവരി 16ന് നൽകിയ സാമ്പിളുകളുടെ ഫലം വ്യാഴാഴ്ച വൈകീട്ടാണ് മൃഗസംരക്ഷണവകുപ്പിന് ലഭിച്ചത്.
ആദ്യപരിശോധനകളിൽ രോഗം സ്ഥിരീകരിക്കാനായിരുന്നില്ല. സംശയംതോന്നി നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം കണ്ടെത്താനായത്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ രോഗം പടരാനുള്ള സാധ്യതയില്ലെന്ന് മൃഗസംരക്ഷണവകുപ്പ് ഓഫിസർ ഷാജി പണിക്കശ്ശേരി പറഞ്ഞു.
നോഡൽ ഒാഫിസർ ഡോ.സജീവ് കുമാർ, ഡോ.ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ദ്രൂതകർമസേനയുടെ മൂന്ന് സംഘങ്ങളാണ് നടപടികൾക്ക് നേതൃത്വം നൽകിയത്.
കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് താറാവുകൾ നാലിലൊന്നായി ചുരുങ്ങിയ വെച്ചൂർ പഞ്ചായത്തിൽ 150 മുതൽ 15,000 താറാവുകളെ വരെ വളർത്തുന്ന മുപ്പതോളം താറാവു കർഷകരാണുള്ളത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ആയിരക്കണക്കിന് താറാവുകളാണ് ചത്തത്. താറാവിന് തീറ്റ കൊടുക്കാൻതന്നെ ദിനംപ്രതി ആയിരക്കണക്കിന് രൂപയാണ് കർഷകർ ചെലവഴിച്ചുവന്നിരുന്നത്. കർഷകർ വൻതുക വായ്പയെടുത്തും കടം വാങ്ങിയും ആഭരണം പണയം െവച്ചും നടത്തിവന്ന കൃഷി മുട്ടലഭിച്ചു തുടങ്ങിയ ഘട്ടത്തിലും ഇറച്ചിക്കായി താറാവിനെ വിൽക്കാൻ പാകമായപ്പോഴും രോഗം ബാധിച്ച് ചത്തതോടെ കർഷകർ വലിയ കടക്കെണിയിലായി.
വെച്ചൂർ കട്ടമട അഭിജിത്ത് ഭവനിൽ മദന്‍ നഷ്ടമാകുന്നത് വിൽപനക്ക് പാകമായ 3000 പൂവൻ താറാവുകൾ. കഴിഞ്ഞ തവണ പക്ഷിപ്പനിയിൽ വലിയ നഷ്ടം നേരിട്ട മദനന് നാല് മാസത്തിലധികം വളർച്ചയെത്തിയ പൂർണ ആരോഗ്യമുള്ള താറാവുകളെയാണ് രോഗപ്രതിരോധത്തിെൻറ ഭാഗമായി കൊല്ലാൻ വിട്ടുനൽകേണ്ടി വന്നത്.
വെച്ചൂർ നാലാം വാർഡിലെ കട്ടമടയിലെ ഒരു കി.മീറ്റർ ചുറ്റളവിലെ താറാവുകളെ കൊന്നൊടുക്കി കഴിഞ്ഞ ശേഷം വെച്ചൂരിെൻറ മറ്റ് ഭാഗങ്ങളിലേക്കും രോഗം വ്യാപിച്ചാൽ ശേഷിക്കുന്ന കർഷകരുെടയും ജീവിതവും ദുരിതപൂർണമാകും.
മുട്ടയുെടയും ഇറച്ചിയുെടയും ലഭ്യത ഉറപ്പാക്കുന്ന താറാവു കർഷകർക്ക് തുടർന്ന് കൃഷി ആരംഭിക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.