പാലാ: പാലാ നഗരസഭയുടെ ചരിത്രത്തിലാദ്യമായി ഇത്തവണ ചെയർപേഴ്സൻ നേരിട്ട് ബജറ്റ് അവതരിപ്പിക്കുന്നു. വൈസ് ചെയർപേഴ്സൻ സിജി പ്രസാദും ധനകാര്യ സ്ഥിരംസമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസംമൂലം ധനകാര്യ കമ്മിറ്റിയിൽ ബജറ്റ് പാസാകാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് ചെയർപേഴ്സൻ ബജറ്റ് അവതരിപ്പിക്കുന്നത്.
ധനകാര്യ കമ്മിറ്റിയിൽ ബജറ്റ് പാസാകാൻ കഴിഞ്ഞില്ലെങ്കിൽ നഗരസഭ ചെയർമാൻ ബജറ്റ് അവതരിപ്പിക്കണമെന്നാണ് ചട്ടം. ബുധനാഴ്ച ഉച്ചക്ക് 12നാണ് ബജറ്റ്. വൈസ് ചെയർപേഴ്സൻ തയാറാക്കിയ ബജറ്റ് ധനകാര്യ സ്ഥിരംസമിതിയിൽ ചർച്ചക്ക് വന്നപ്പോൾ കമ്മിറ്റി അംഗങ്ങൾ രണ്ടുതവണ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ആദ്യ തവണ പ്രോജക്ട് റിപ്പോർട്ട് ഇല്ലാതെയാണ് ബജറ്റ് കാണിച്ചതെന്ന് കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു. പിന്നീട് പ്രോജക്ടുകളുടെ ചുരുക്കവിവരം മാത്രമേയുള്ളൂവെന്നും കമ്മിറ്റി അംഗങ്ങൾ കുറ്റപ്പെടുത്തി.
ഇത് പഠിക്കാൻ സമയം വേണമെന്ന് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടതോടെ ബജറ്റ് അവതരിപ്പിക്കാനാകാതെ വന്നു. അതേസമയം, സി.പി.എമ്മിലെ തർക്കമാണ് പുതിയ സംഭവവികാസങ്ങൾക്ക് ഇടയാക്കുന്നത്. ചെയർപേഴ്സൻ ജോസിൻ ബിനോയും വൈസ് ചെയർപേഴ്സൻ സിജി പ്രസാദും സി.പി.എം പ്രതിനിധികളാണ്. എന്നാൽ, ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. ബിനു പുളിക്കണ്ടത്തിനൊപ്പമാണ് എതിർചേരിയിലുമാണ് സിജി പ്രസാദ്.
ഇതിനിടെ, ബജറ്റ് വിഷയത്തിൽ ജോസിൻ ബിനോക്കെതിരെ രൂക്ഷവിമർശനവുമായി വൈസ് ചെയർപേഴ്സൻ രംഗത്തെത്തി. ചിലരുടെ വ്യക്തിവൈരാഗ്യമാണ് ഈ നാടകത്തിന് പിന്നിലെന്ന് സിജി പ്രസാദ് ആരോപിച്ചു. നാടകത്തിന്റെ കഥ മുൻകൂട്ടി എല്ലാവരും മനസ്സിലാക്കിയതിനാൽ നാടകത്തിന്റെ ഡിമാൻഡ് പോയെന്നും കാണികൾ കുറവായിരിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ സിജി പ്രസാദ് പറഞ്ഞു. ആത്മാഭിമാനം പണയംവെച്ച് ബജറ്റ് അവതരിപ്പിക്കാൻ ആരുടെയും കാലുപിടിക്കാനും ഉദ്ദേശിക്കുന്നില്ലെന്നും സിജി പ്രസാദ് പറയുന്നു.
അതേസമയം, ബജറ്റ് അവതരണത്തിന് മുന്നോടിയായി ചൊവ്വാഴ്ച നഗരസഭ പ്രതിപക്ഷ കൗൺസിലർമാരെ ചെയർപേഴ്സന്റെ ചേംബറിൽ വിളിച്ച് പ്രത്യേകം ചർച്ച നടത്തിയിരുന്നു. ബജറ്റ് അവതരണത്തിന് മുമ്പ് പ്രതിപക്ഷാംഗങ്ങളെ വിളിച്ചുകൂട്ടി ചർച്ച നടത്തുന്നതും നഗരസഭയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ആദ്യസംഭവമാണ്.
പ്രതിപക്ഷാംഗങ്ങൾ തങ്ങളുടെ വാർഡുകളിലേത് ഉൾപ്പെടെ വിവിധ നിർദേശങ്ങൾ ചെയർപേഴ്സന് സമർപ്പിച്ചതായാണ് സൂചന. ഇക്കാര്യംകൂടി പരിഗണിച്ചുള്ള ബജറ്റാകും ഇത്തവണത്തേത് എന്നാണ് അറിയുന്നത്. എല്ലാവരുമായും യോജിച്ചുള്ള നഗരവികസനമാണ് ലക്ഷ്യമിടുന്നതെന്നും ചെയർപേഴ്സൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.