കോട്ടയം: പുതുപ്പള്ളി പള്ളിയിലെ പ്രാർഥനയോടെയാണ് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. നാമനിർദേശപത്രിക സമർപ്പിച്ച അകലകുന്നം പഞ്ചായത്തിലായിരുന്നു പ്രചാരണം. വിവാഹ -മരണവീടുകളിൽ സന്ദർശനം നടത്തുകയും പ്രമുഖ വ്യക്തികളുമായും വോട്ടർമാരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
കെ.ആർ. നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് സന്ദർശിച്ച് കുട്ടികളുമായി സൗഹൃദം പങ്കുവെച്ചു. പിന്നീട് മുണ്ടൻകുന്ന് സ്നേഹസദൻ സന്ദർശിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. ജോസ് പുറങ്കനാലിനെ വസതിയിലെത്തി സന്ദർശിച്ചു. പൂവ്വത്തിളപ്പ് ജങ്ഷനിൽ കടകളിൽ കയറിയും ബസിൽ കയറിയും വോട്ട് ചോദിച്ചു. വൈകീട്ട് വിവിധ മണ്ഡലം കൺവെൻഷനുകളിൽ പങ്കെടുത്തു. പാമ്പാടിയിലെ കൺവെൻഷൻ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും മണർകാട് കൺവെൻഷൻ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ഉദ്ഘാടനം ചെയ്തു.
കോട്ടയം: പത്രിക സമര്‍പ്പണത്തിന് ശേഷം വീടുകയറി പ്രചാരണത്തിലായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. ഓരോ മേഖലയിലും എത്തി വോട്ടര്‍മാരെ നേരിട്ട് കാണുകയാണ് അദ്ദേഹം. മീനടത്ത് വീട്ടമ്മമാർ കുടിവെള്ള പ്രശ്നം സൂചിപ്പിച്ചപ്പോള്‍ അത് ശ്രദ്ധാപൂര്വഒ കേട്ടു. കേട്ടിട്ടു ചുമ്മാ പോയാല്‍ പോരാ ജയിച്ച് കഴിയുമ്പോള്‍ നടത്തിത്തരണം എന്ന് അവരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ തനിക്കൊപ്പമുള്ള ജില്ല പഞ്ചായത്ത് അംഗം കൂടിയായ ശരത് പ്രധാനകാര്യങ്ങള്‍ കുറിച്ചുവെക്കുന്നത് സ്ഥാനാർഥി അവരെ ചൂണ്ടിക്കാണിച്ചു. രണ്ടാമത്തെ പോയന്റിൽ പേരക്കുട്ടിയുടെ കൈപിടിച്ച് വീടിന്റെ ഗേറ്റിലേക്ക് എത്തി നില്‍ക്കുകയാണ് അമ്മൂമ്മ. ജെയ്ക്കിനെ കണ്ടതോടെ പിടിച്ചു ചേര്‍ത്തുനിര്‍ത്തി. ശേഷം അടുത്ത പോയന്റിലേക്ക് യാത്രയായി.
കോട്ടയം: പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർഥി ലിജിൻലാൽ വ്യാഴാഴ്ച നാമനിർദേശ പത്രിക നൽകുന്ന തിരക്കിലായിരുന്നു. രാവിലെ മള്ളിയൂർ ക്ഷേത്രത്തിലെത്തി പ്രാർഥിച്ചു. തുടർന്ന്, പാമ്പാടി ബസ് ടൗണില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം റോഡ് ഷോയോടുകൂടിയാണ് നാമനിർദേശ പത്രിക നൽകാനെത്തിയത്. തുടർന്ന് ഏറ്റുമാനൂർ, നാഗമ്പടം ക്ഷേത്രത്തിലും ദർശനം നടത്തി. ശേഷം മണ്ഡലത്തിൽ പ്രചാരണത്തിനെത്തി. വീടുകൾ, കടകൾ എന്നിവിടങ്ങളിലും വോട്ട് തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.