േകാട്ടയം: വീട്ടമ്മ വളർത്തുന്ന പൂച്ചകൾ ചത്ത സംഭവത്തിൽ ഒടുവിൽ പൊലീസ് കേസെടുത്തു. കോട്ടയം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ (ഒന്ന്) നിർദേശപ്രകാരമാണ് ടൗൺ ഈസ്റ്റ് പൊലീസ് രണ്ടുമാസത്തിനുശേഷം കേസെടുക്കാൻ തയാറായത്. മൃഗസംരക്ഷണ പ്രവർത്തകരുടെ സംഘടനയായ 'ആരോ'യിലെ അംഗം മുട്ടമ്പലം കല്ലൂപ്പറമ്പിൽ പുഷ്പ ബേബി തോമസിെൻറ പരാതിയിലാണ് നടപടി.
സമീപവാസികൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെയാണ് ഇവർ കോടതിയെ സമീപിച്ചത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവരുടെ വീട്ടിലെ ആറ് പൂച്ചകളെ ചത്തനിലയിൽ കണ്ടെത്തിയത്. റോഡരികിൽ ഒറ്റപ്പെട്ടുകാണുന്നതും വണ്ടി തട്ടി പരിക്കേറ്റതുമായ പൂച്ചക്കുഞ്ഞുങ്ങളെയടക്കം പുഷ്പ ബേബി തോമസ് വീട്ടിൽകൊണ്ടുപോയി വളർത്തിയിരുന്നു.
ഈ പൂച്ചകൾ ചാവുന്നത് പതിവായതോടെയാണ് മരണകാരണം കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമായിരുന്നു.
ഇതേതുടർന്ന് ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകി. ആദ്യം പരാതി സ്വീകരിക്കാൻ തയാറാകാതിരുന്ന പൊലീസ്, മുൻ കേന്ദ്രപരിസ്ഥിതി മന്ത്രി മേനക ഗാന്ധിയുടെ ഓഫിസിൽനിന്ന് വിളിപ്പിച്ചശേഷമാണ് പരാതി സ്വീകരിച്ചതും രശീതി നൽകിയതും. എഫ്.ഐ.ആർ ഇല്ലാത്തതിെൻറ സാങ്കേതികപ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടെങ്കിലും പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ആ പ്രശ്നം പരിഹരിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്.
പോസ്റ്റ്മോർട്ടത്തിൽ പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയില്ല. ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചാലേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ എന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ അറിയിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ വിശദാംശങ്ങൾ അറിയിക്കാനോ റിപ്പോർട്ട് പരാതിക്കാരിക്ക് നൽകാനോ പൊലീസ് തയാറായില്ല.
തുടർന്ന് വിവരാവകാശം വഴിയാണ് വീട്ടമ്മക്ക് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ആന്തരികാവയവങ്ങൾ ഫോറൻസിക് ലാബിലേക്ക് അയക്കുകയോ കേസ് രജിസ്റ്റർ ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വിവരാവകാശം വഴി ലഭിച്ച മറുപടിയിൽ പറയുന്നു.
ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും തുടർനടപടി ഉണ്ടാകാത്തതിനെതുടർന്നാണ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.
പൊലീസ് യഥാസമയം കേസെടുക്കാത്തതിനാൽ ആന്തരികാവയവങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കാനുള്ള അവസരവും നഷ്ടപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്തതോടെ പൊലീസ് കഴിഞ്ഞ ദിവസം വീട്ടിലെത്തി പുഷ്പയുടെ മൊഴിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.