കോട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി അനർഹർ ആനുകൂല്യം നേടിയിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിജിലൻസിന്റെ നേതൃത്വത്തിൽ കോട്ടയം കലക്ടറേറ്റിൽ പരിശോധന.
സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായിട്ടായിരുന്നു ദുരിതാശ്വാസനിധി സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കലക്ടറേറ്റിലെ കെ നാല് സെക്ഷനിലെ വിജിലൻസിന്റെ മിന്നൽ പരിശോധന. ഇതിൽ മുണ്ടക്കയം സ്വദേശി കോട്ടയം കലക്ടറേറ്റിൽനിന്നും ഇടുക്കി കലക്ടറേറ്റിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി (സി.എം.ഡി.ആർ.എഫ്) ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തി. കോട്ടയത്തുനിന്ന് ഹൃദയസംബന്ധമായ രോഗചികിത്സക്ക് 2017ൽ 5000 രൂപ വാങ്ങി. 2019ൽ ഇടുക്കി കലക്ടറേറ്റിൽനിന്ന് 10,000 രൂപയും വാങ്ങി. 2020ൽ കോട്ടയം കലക്ടറേറ്റിൽനിന്ന് കാൻസർ ചികിത്സക്ക് 10,000 രൂപ വാങ്ങി. ഇതിനെല്ലാം മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയത് കാഞ്ഞിരപ്പള്ളി ഗവ. ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിലെ ഡോക്ടറാണെന്നും പരിശോധനയിൽ വ്യക്തമായി. ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്നും സർട്ടിഫിക്കറ്റ് യഥാർഥമാണോയെന്നും പരിശോധിക്കുമെന്ന് വിജിലൻസ് പറഞ്ഞു.
സാമ്പത്തിക സഹായത്തിനായി ജോർജ് എന്നയാളുടെ പേരിൽ സമർപ്പിച്ചിരുന്ന അപേക്ഷയിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചപ്പോൾ അയാൾ അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നാണ് വിജിലൻസിനെ അറിയിച്ചത്. ഇതിൽ വിശദ അന്വേഷണം നടത്തും. ഇത്തരത്തിൽ സംശയമുള്ള 20 ഫയലുകള്‍ തുടർ അന്വേഷണത്തിനായി വിജിലൻസ് ശേഖരിച്ചു. കഴിഞ്ഞവർഷം ജില്ലയിൽ സി.എം.ഡി.ആർ.എഫ് ഫണ്ടിലേക്ക് ലഭിച്ചത് 12,000ത്തോളം അപേക്ഷകളാണ്.
ആറുകോടിയാണ് അപേക്ഷകർക്ക് വിതരണം ചെയ്തത്. ഇതിൽ പരിശോധനയുടെ ഭാഗമായി 400 ഗുണഭോക്താക്കളെ വിജിലൻസ് ഫോണിൽ ബന്ധപ്പെട്ട് അന്വേഷിച്ചു. ഇതിൽ എഴുപതോളംപേർ തങ്ങൾക്ക് പണം കിട്ടിയിട്ടില്ലെന്നാണ് അറിയിച്ചത്. ഇവരുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നുവെന്നാണ് രേഖകൾ. പണം ലഭിച്ചത് ഇവർ അറിയാത്തതാണോയെന്നും പരിശോധിക്കും.
ചികിത്സ സഹായം കൈപ്പറ്റിയവരുടെ അസുഖവിവരങ്ങളും നേരിട്ടെത്തി പരിശോധിക്കും. അപേക്ഷകരുടെ വീടുകളിൽ വില്ലേജ് ഓഫിസർ നേരിട്ടെത്തി പരിശോധിക്കണമെന്നാണ് ചട്ടം. ഇക്കാര്യത്തിലും ചില വില്ലേജ് ഓഫിസർമാർ വീഴ്ചവരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഏജന്റുമാർ വഴി വ്യാജ രേഖകൾ ഹാജരാക്കി ആനുകൂല്യം നേടിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സി.എം.ആര്.ഡി.എഫ് കൈകാര്യം ചെയ്യുന്ന സംസ്ഥാനത്തെ വിവിധ കലക്ടറേറ്റിലെ ഉദ്യേഗസ്ഥര്‍, ഏജന്റുമാരുമായി ചേര്‍ന്ന് പണംവാങ്ങി വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റുകളടക്കം നല്കി പണം തട്ടുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
അനര്‍ഹരായ ആളുകളുടെ പേരില്‍ അപേക്ഷ സമര്‍പ്പിക്കുന്നതാണ് തട്ടിപ്പ് രീതി. വ്യാജ രേഖകളും ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ട് രേഖകളും ഏജന്റുമാരുടേതാകും. പണം ലഭിച്ചശേഷം ഒരു വിഹിതം തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്കും നല്‍കും. ഈ രീതിയിലാണ് കാലങ്ങളായി തട്ടിപ്പ് നടക്കുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.