കോട്ടയം: ജൽ ജീവൻ മിഷൻ നിർമാണപ്രവൃത്തികൾ വേഗത്തിലാക്കണമെന്നും ജോലികൾ വൈകുന്നതുമൂലം റോഡ് നവീകരണപ്രവർത്തനങ്ങൾക്കുള്ള ഭരണാനുമതി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ല വികസനസമിതി യോഗം. ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ അപകടങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ അത്തരത്തിലുള്ള ക്വാറികളുടെ കണക്കെടുപ്പ് നടത്താൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് നിർദേശം നൽകി.
കാഞ്ഞിരപ്പള്ളി ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ട്രാൻസ്ഫോർമർ മാറ്റം പൂർത്തിയാക്കിയെന്നും ഭൂഗർഭ കേബിളുകൾ പത്തുദിവസത്തിനുള്ളിൽ മാറ്റുന്നത് പൂർത്തിയാക്കുമെന്നും ചീഫ് വിപ്പ് ഡോ. എൻ. ജയരാജിനെ കെ.എസ്.ഇ.ബി അറിയിച്ചു. ഫുട്പാത്തുകൾ കൈയേറി കച്ചവടം നടത്തുന്നവർക്കെതിരെ നടപടി ശക്തമാക്കാനും ബോർഡുകൾ സ്ഥാപിക്കാനും പൊതുമരാമത്തു വകുപ്പിന് നിർദേശം നൽകി.
ദേശീയപാത 183ന്റെ ഭാഗമായ കോട്ടയം-മുണ്ടക്കയം ഭാഗം നാലുവരി പാതയാക്കാനുള്ള ഡി.പി.ആർ തയാറാക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഡോ. എൻ. ജയരാജിനെ ദേശീയപാത വിഭാഗം അറിയിച്ചു. ഡി.പി.ആർ തയാറാക്കുംമുമ്പ് ജനപ്രതിധികളുടെ അഭിപ്രായംകൂടി പരിഗണിക്കാൻ കൺസൽട്ടൻസിക്ക് നിർദേശം നൽകണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെട്ടു.
നിരീക്ഷണ കാമറകൾ സ്ഥാപിച്ചതോടെ ചങ്ങനാശ്ശേരി നഗരത്തിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നതിൽ കുറവുവന്നിട്ടുണ്ടെന്നും ളായിക്കാട് ബൈപാസിൽ മാലിന്യം തള്ളുന്നത് തടയാൻ കൂടുതൽ കാമറ സ്ഥാപിക്കണമെന്നും ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. ഫാത്തിമാപുരം ഡമ്പിങ് യാർഡിലെ മാലിന്യനീക്കം വേഗത്തിലാക്കണമെന്ന് ജോബ് മൈക്കിൾ എം.എൽ.എ ആവശ്യപ്പെട്ടു. മഴ മാറിയാൽ ഉടൻ മാലിന്യനീക്കം വേഗത്തിലാക്കുമെന്ന് ചങ്ങനാശ്ശേരി നഗരസഭയും ശുചിത്വമിഷനും അറിയിച്ചു.
വാഴപ്പള്ളി സ്കൂളിനു മുന്നിലെ റോഡിലെ കുഴികൾ അടച്ചെന്നും ഓടകൾ വൃത്തിയാക്കിയശേഷം ചങ്ങനാശ്ശേരി നഗരത്തിലെ ഫുട്പാത്തിന്റെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുമെന്നും ദേശീയപാത വിഭാഗം എം.എൽ.എയെ അറിയിച്ചു. പായിപ്പാട് കൊച്ചുപ്പള്ളിയിൽ ജല അതോറിറ്റിയുടെ വാട്ടർടാങ്ക് ചോരുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും അടിയന്തര ഇടപെടൽ വേണമെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
ചെമ്മനത്തുകര ഐ.എച്ച്.ഡി.പി നഗർ നിവാസികൾക്കു പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആഗസ്റ്റിൽ പൂർത്തിയാക്കണമെന്ന് സി.കെ. ആശ എം.എൽ.എ ആവശ്യപ്പെട്ടു. വൈക്കം കാട്ടിക്കുന്ന് തുരുത്ത് പാലം പൂർത്തിയായെങ്കിലും സ്ഥലമേറ്റെടുത്ത് നഷ്ടപരിഹാരം നൽകുന്ന നടപടികൾക്കു വേഗംപോരെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടിയിരുന്നു. പഴയ സർവേ രേഖകൾ പ്രകാരം സർവേ നടത്തി റിപ്പോർട്ട് നൽകാൻ കലക്ടർ ആവശ്യപ്പെട്ടതുപ്രകാരമുള്ള നടപടികൾ ആരംഭിച്ചതായി സർവേ വകുപ്പ് അറിയിച്ചു.
എരുമേലി തെക്ക് വില്ലേജ് ഓഫിസ് പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ ഹൈകോടതി സ്റ്റേ എത്രയും പെട്ടെന്ന് നീക്കണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആവശ്യപ്പെട്ടു. ദേവസ്വം ഭൂമിയാണെന്നു സ്വകാര്യവ്യക്തി നൽകിയ ഹരജി തെറ്റാണെന്നു തെളിയിക്കാനുള്ള രേഖകൾ സഹിതം കാര്യവിവരപട്ടിക സമർപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് വ്യക്തമാക്കി. പമ്പാവാലി പട്ടയവിതരണം പൂർത്തീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയം നവീകരണത്തിന് കായികവകുപ്പിൽനിന്ന് ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്റ്റേഡിയത്തിൽ കൂട്ടിയിട്ട മണൽ ഉടൻ നീക്കംചെയ്യണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ജില്ല കലക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റ ശേഷമുള്ള ആദ്യ ജില്ല വികസനസമിതി യോഗമായിരുന്നു ശനിയാഴ്ച നടന്നത്. കലക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, സബ് കലക്ടർ ഡി. രഞ്ജിത്, പ്ലാനിങ് ഓഫിസർ ലിറ്റി മാത്യു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.