കോട്ടയം: വാർഡിലെ വികസനപ്രവർത്തനങ്ങൾക്കായി 20 ലക്ഷം വീതം അനുവദിക്കാൻ കോട്ടയം നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. 10 ലക്ഷം വീതം രണ്ടു ഘട്ടമായിട്ടാകും തുക നീക്കിവെക്കുക. നഗരസഭയുടെ വാർഷികപദ്ധതി ഭേദഗതി ചെയ്യാനായി വിളിച്ച അടിയന്തരയോഗത്തിലാണ് തീരുമാനം.
നേരത്തെ ധനകാര്യസ്ഥിരം സമിതി 13 ലക്ഷം നീക്കിവെക്കണമെന്നാണ് ശിപാർശ നൽകിയത്. എന്നാൽ ഭരണ-പ്രതിപക്ഷഭേദമെന്യേ കൗൺസിലർമാർ 20 ലക്ഷമെന്ന ആവശ്യമുയർത്തി. നടപ്പാക്കാൻ കഴിയാത്ത പദ്ധതികൾ ഒഴിവാക്കി ഈ തുക കൂടി വാർഡുകളിലെ വികസന പദ്ധതികൾക്കായി നീക്കിവെക്കണമെന്ന് കൗൺസിലർമാർ കൂട്ടമായി ആവശ്യപ്പെട്ടു. അടുത്തവർഷം തദേശതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഈവർഷം പരമാവധി അനുവദിക്കണമെന്നും ആവശ്യമുയർന്നു. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ രണ്ടു ഘട്ടങ്ങളായി ഒരോ വാർഡിനും 20 ലക്ഷം നീക്കിവെക്കുമെന്ന് ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അറിയിക്കുകയായിരുന്നു. ഇതിനായി വാർഷിക പദ്ധതിയിൽ മാറ്റം വരുത്തുമെന്നും ഇവർ അറിയിച്ചു
നഗരത്തിലെ പദ്ധതികൾ പലതും ഇഴഞ്ഞുനീങ്ങുകയാണെന്നും യോഗത്തിൽ വിമർശനമുയർന്നു. ഉദ്യോഗസ്ഥതലത്തിൽ കൃത്യമായ നിരീക്ഷണമില്ലാത്താണ് പദ്ധതികൾ ഇഴയാൻ കാരണം. ആറുപദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി.കരാറുകാർക്ക് 3.50 കോടിയോളം രൂപ കൂടിശ്ശികയുള്ളതിനാൽ പലരും ജോലികൾ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നും ഇവർ പറഞ്ഞു. നഗരസഭയൂടെ ഉടമസ്ഥതയിലുള്ള പല സ്കൂളുകളും തകർച്ചയിലാണ്. കഴിഞ്ഞവർഷം അറ്റകുറ്റപണികൾക്ക് പണം നീക്കിവെച്ചിരുന്നില്ല. ഇതുമൂലം സ്കൂളുകളുടെ മേൽക്കൂരകൾ അടക്കം തകർച്ചയിലാണ്. ഇവ അറ്റകുറ്റപ്പണികൾ നടത്തി നവീകരിക്കാൻ പണം അനുവദിക്കണം. നഗരസഭയുടെ മൂന്ന് ഭാഗങ്ങളിലായി ഹാപ്പിനസ് കോർണർ സ്ഥാപിക്കാനുള്ള തീരുമാനം തിരുത്തണമെന്നും ആവശ്യമുയർന്നു. എല്ലാവർക്കുമെത്താൻ കഴിയുന്ന സ്ഥലമെന്ന നിലയിൽ കോട്ടയം നഗരത്തിലെ നെഹ്റു പാർക്കിൽ ഹാപ്പിനസ് കോർണർ തുറക്കണം. ബഹുവർഷ പ്രോജക്റ്റുകൾ ആവശ്യമില്ലെന്നും ഇടത്- ബി.ജെ.പി കൗൺസിലർമാർ പറഞ്ഞു.
കോട്ടയം: കൗൺസിൽ യോഗത്തിനിടെ വൈസ് ചെയർമാനും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവും തമ്മിൽ രൂക്ഷതർക്കം. ചെടികൾ വളർത്താനുള്ള എച്ച്.ഡി.പി.ഇ പെട്ടികളുടെ വിതരണം വാർഷിക പദ്ധതിയിൽനിന്ന് ഒഴിവാക്കി ഈ തുക വാർഡ് വർക്കിന് അനുവദിക്കാമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ നിർദേശിച്ചു.
എന്നാൽ, പലരും എച്ച്.ഡി.പി.ഇ പെട്ടികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം പദ്ധതികൾ ഒഴിവാക്കുന്നത് ഉചിതമാകില്ലെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് എം.പി. സന്തോഷ് കുമാർ പറഞ്ഞു. ഇതിനെ ചൊല്ലിയായിരുന്നു തർക്കം. വ്യക്തിപരമായ ആക്ഷേപങ്ങളുമായി ഇരുവരും ‘ഏറ്റുമുട്ടി’. മിനിറ്റുകളോളം വാക്കുതർക്കം തുടർന്നു.
പിന്നീട് ഏറെ ബുദ്ധിമുട്ടി ചെയർപേഴ്സൺ ഇടപെട്ടാണ് തർക്കം അവസാനിപ്പിച്ചത്. നേതാക്കൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മറ്റ് കോൺഗ്രസ് കൗൺസിലർമാരെല്ലാം മൗനം പാലിച്ചതും ശ്രദ്ധേയമായി. ഇതിനുപിന്നാലെ സി.പി.എം കൗൺസിലർ ഷീജ അനിലും ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനും തമ്മിലും തർക്കമുണ്ടായി. നേരത്തെ, പദ്ധതി നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി ചെയർപേഴസണിനെ ഷീജ അനിൽ രൂക്ഷമായി വിമർശിച്ചിരുന്നു.
ഇതിന് പിന്നീട് ചെയർപേഴ്സൺ മറുപടി നൽകിയപ്പോഴാണ് വാക്പ്പോര്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പാലിക്കേണ്ട മാന്യത ഷീജ അനിൽ കാട്ടുന്നില്ലെന്ന് ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.
വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം ശരിയല്ല. സി.പി.എം നേതാക്കളായ മുൻ പ്രതിപക്ഷനേതാക്കൾ മികച്ച പ്രവർത്തനം നടത്തിയിരുന്നവരാണെന്നും ബിൻസി പറഞ്ഞു. സ്വന്തംവീഴ്ചകൾ മറച്ചുവെക്കാൻ പ്രതിപക്ഷത്തിനുമേൽ കുതിരകയറിയിട്ട് കാര്യമില്ലെന്ന് ഷീജ അനിൽ പറഞ്ഞു. പറയേണ്ടത് പറയുമെന്നും അവർ കൂട്ടിച്ചേർത്തു. ഇടതുപക്ഷത്തെ വനിത അംഗങ്ങളും ഷീജ അനിലിനെ പിന്തുണച്ച് രംത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.