അതിരമ്പുഴ: ജൽജീവൻ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനെച്ചെല്ലി അതിരമ്പുഴ പഞ്ചായത്ത് അംഗങ്ങൾ തമ്മിൽ തർക്കം. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡ് മെംബർ ഐ.സി. സാജനാണ് 19ാം വാർഡിലെ പൈപ്പ് സ്ഥാപിക്കലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. 19ാം വാർഡിൽ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി അശാസ്ത്രീയമായി പൈപ്പ് സ്ഥാപിക്കുന്നത് മൂലം ഇരുപതാം വാർഡിൽ ജലവിതരണം നടത്താനാകില്ലെന്നാണ് പരാതി.
എന്നാൽ, ആരോപണം തെറ്റാണെന്നും തന്റെ വാർഡിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പ്രവർത്തനം ഇരുപതാം വാർഡിനെ ബാധിക്കില്ലെന്നും 19ാം വാർഡ് മെംബർ അമ്പിളി പ്രദീപ് പറയുന്നു. ഇരുപതാം വാർഡിലെ ലിസ്യു പള്ളി ഭാഗത്ത് വലിയ കാസ്റ്റ് അയൺ പൈപ്പുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, ഈ പൈപ്പ് ലൈൻ ചേരുന്ന 19ാം വാർഡിൽ മൂന്നിഞ്ച് വണ്ണമുള്ള പി.വി.സി പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇരുപൈപ്പും കൂട്ടിയോജിപ്പിച്ചാൽ മാത്രമേ, ജലവിതരണം ആരംഭിക്കാൻ കഴിയൂ.
ഇത്തരത്തിൽ കൂട്ടിയോജിപ്പിച്ച് കഴിഞ്ഞാൽ, വലിയ ഇരുമ്പ് പൈപ്പിലൂടെ മർദത്തിൽ എത്തുന്ന വെള്ളം മൂന്നിഞ്ച് മാത്രം വണ്ണമുള്ള പി.വി.സി പൈപ്പ് ലൈനിലേക്ക് കടത്തിവിടുന്നതോടെ ഇത് തകരും. ഇതോടെ ഇരുവാർഡിലെയും ജലവിതരണം മുടങ്ങും. അതിനാൽ, പി.വി.സിക്ക് പകരം ഇരുമ്പ് പൈപ്പുകൾ സ്ഥാപിക്കണമെന്നാണ് ഐ.സി. സാജൻ പറയുന്നത്. ഏതാനും പേർക്ക് നിലവിലുള്ള കുടിവെള്ള വിതരണ ലൈനിൽനിന്നും വെള്ളം എത്തിക്കാനുള്ള നടപടിയുടെ ഭാഗമായാണ് പി.വി.സി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതെന്നും ജൽജീവൻ മിഷൻ പദ്ധതിയുമായി ഇതിന് ബന്ധമില്ലെന്നുമാണ് അമ്പിളി പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.