കോട്ടയം: സി.എം.എസ് കോളജിൽ ശിൽപോദ്യാനം സ്ഥാപിക്കാനുള്ള പണിപ്പുരയിലാണ് ഈ ശിൽപികൾ. കോളജ് അങ്കണത്തിൽ പലയിടങ്ങളിലായി ഏഴോളം ശിൽപങ്ങളാണ് സ്ഥാപിക്കുന്നത്.
പ്രസിദ്ധരായ ആറ് ശിൽപികളും മൂന്നോളം സഹായികളും ഉൾപ്പെടുന്ന സംഘത്തിന്റെ 20 ദിവസത്തെ ക്യാമ്പാണ് നടക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മയിലാടിയിൽ നിന്നുള്ള കൃഷ്ണശിലയിലാണ് ശിൽപങ്ങളുടെ നിർമാണം. ജോൺസൺ, അജയൻ കാട്ടുങ്കൽ, ഹർഷ, ചിത്ര, സനിൽ കുട്ടൻ തുടങ്ങിയ പ്രസിദ്ധരായ ശിൽപികളുടെ സംഘമാണ് ഇവിടെ ശിൽപോദ്യാനത്തിന്റെ പണിപ്പുരയിലുള്ളത്. മയിലാടിയിൽനിന്നുള്ള സഹായികളും ഈ സംഘത്തിലുണ്ട്.
സി.എം.എസ് കാമ്പസിന്റെ പൈതൃകവും സംസ്കാരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളും അടിസ്ഥാനമാക്കിയാണ് ശിൽപ നിർമാണം. കേരളത്തിലെ കോളജുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു ശിൽപോദ്യാനം നിർമിക്കുന്നതെന്ന് പ്രിൻസിപ്പൽ പ്രഫ. വർഗീസ് സി. ജോഷ്വ പറഞ്ഞു. മറ്റ് അക്കാദമിക് പഠനത്തിനൊപ്പം കലകൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ശിൽപോദ്യാനം നിർമിക്കുന്നതിന് കാരണമായതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക പ്രസിദ്ധ ശിൽപിയും കോട്ടയം സ്വദേശിയുമായ കെ.എസ്. രാധാകൃഷ്ണന്റെ 22 അടിയോളം ഉയരം വരുന്ന നിർമിതിയാണ് ഏറ്റവും ശ്രദ്ധേയം. കൊൽക്കത്തയിലെ ശാന്തിനികേതനിലാണ് ഈ ശിൽപം നിർമിക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഇവിടെയെത്തിക്കാനാവും എന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.