പാലാ: സർക്കാറിന്റെ ദുരന്ത നിവാരണ മാർഗനിർദേശങ്ങൾ ലംഘിച്ച് സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തി റോഡരുകിലെ തോട് മണ്ണിട്ട് നികത്തിയതായി പരാതി. മുത്തോലി പഞ്ചായത്ത് ഏഴാം വാർഡിലെ വെള്ളിയേപ്പള്ളി-ഇടയാറ്റുകര പൊതുമരാമത്ത് ഗ്രാമീണറോഡിനോട് ചേർന്ന് ഒഴുകുന്ന ചെറുതോടാണ് നികത്തിയത്.
വർഷങ്ങൾക്ക് മുമ്പ് റോഡിന് വിട്ടുകൊടുത്തശേഷം ഇവിടെയുള്ള കൈത്തോടിന്റെ കരയിൽ അവശേഷിക്കുന്ന ഒരു സെന്റോളം വരുന്ന ഭൂമിയുടെ മറവിലാണ് കൈയേറ്റം. ഇതിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനാൽ ജില്ല ദുരന്ത നിവാരണ സമിതി ചെയർമാൻകൂടിയായ കലക്ടർക്കും പാലാ ആർ.ഡിഒ, മീനച്ചിൽ വില്ലേജ് ഓഫിസർ, മുത്തോലി പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കും നാട്ടുകാർ ഭീമഹരജി നൽകി.
തോടിന്റെ മധ്യഭാഗം വരെ കൈയേറി കിണർ സ്ഥാപിച്ചശേഷമാണ് മണ്ണിട്ട് നികത്തിയത്. കൈയേറ്റം ഒഴിപ്പിച്ച് നീരൊഴുക്കി പുനഃസ്ഥാപിച്ചില്ലെങ്കിൽ വർഷകാലമാകുന്നതോടെ പതിനഞ്ചോളം വീടുകൾ വെള്ളത്തിൽ മുങ്ങും. ദിവസങ്ങൾ നീളുന്ന വെള്ളക്കെട്ട് മൂലം ഇടയാറ്റുകര റോഡിൽ 250 മീറ്റർ ഭാഗം മഴക്കാലത്ത് നിലയില്ലാ വെള്ളത്തിലാകും. ഇടയാറ്റുകര, കപ്പിലുമാന്തോട്ടം ഭാഗം പൂർണമായും തെങ്ങുംതോട്ടം പ്രദേശത്തെ ഇരുനൂറ്റമ്പതിൽപരം കുടുംബങ്ങളുടെ യാത്രാസൗകര്യവും തടസ്സപ്പെടും. മീനച്ചിൽ തോടിന്റെ കൈവഴിയായ മുണ്ടുതോട്ടിലേക്ക് ചേരുന്ന ഭാഗത്ത് അര നൂറ്റാണ്ടിലേറെയായുള്ള കൈത്തോടാണിത്.
ഒരുവർഷം മുമ്പ് തോട് കൈയേറി കിണർ സ്ഥാപിച്ചശേഷം തോട് മണ്ണിട്ട് നികത്തിയിരുന്നു. നാട്ടുകാരുടെ പരാതിയിൽ റവന്യൂ അധികൃതർ ഇടപെട്ട് തോട്ടിലെ മണ്ണ് നീക്കി. കിണർ സ്ഥാപിച്ചത് മൂലം തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെട്ടതോടെ നാട്ടുകാർ വാർഡ് സഭയിൽ വിഷയം ഉന്നയിച്ചിരുന്നു.
ഇതേത്തുടർന്ന് തടസ്സം നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ വാർഡ് സഭയിൽ നൽകിയ ഉറപ്പും ലംഘിച്ചാണ് വീണ്ടും കൈയേറ്റം നടത്തിയത്. ബി.ജെ.പി ഭരണത്തിലുള്ള മുത്തോലി പഞ്ചായത്തിൽ പ്രസിഡന്റിന്റെ സ്വന്തം വാർഡിലാണ് അനധികൃത കൈയേറ്റവും നിർമാണവും. എന്നാൽ, പഞ്ചായത്ത് അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.