കോട്ടയം: ജില്ല ജനറൽ ആശുപത്രി കെട്ടിടത്തിലെ കോൺക്രീറ്റ് പാളി അടർന്നുവീണു, മൂന്നുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ജനറൽ ആശുപത്രി നാലാംവാർഡിൽ ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
പ്രസവശേഷം സ്ത്രീകളെ അഡ്മിറ്റ് ചെയ്യുന്നത് നാലാം വാർഡിലാണ്. ഇവിടേക്കുള്ള സ്റ്റെയർകേസിലേക്ക് മുകളിൽ നിന്ന് വലിയ കോൺക്രീറ്റ് പാളി അടർന്നുവീഴുകയായിരുന്നു. വാർഡിൽ ക്ലീനിങ് നടക്കുകയായിരുന്നതിനാൽ നിരവധി സ്ത്രീകൾ ഈ സമയം ഈ ഭാഗത്ത് വരാന്തയിൽ ഉണ്ടായിരുന്നു. താഴെനിന്ന് സ്റ്റെയർകേസ് കയറിവന്ന സ്ത്രീയുടെ തൊട്ടുപിന്നിലേക്കാണ് കോൺക്രീറ്റ് അടർന്നുവീണത്.
കോൺക്രീറ്റ് അടർന്നുവീഴുന്നത് കണ്ട് സ്ത്രീകൾ ഭയന്ന് നിലവിളിച്ചോടിയതിനാൽ അപകടം ഒഴിവായി.
തുടർന്ന് ആശുപത്രി ജീവനക്കാർ ഓടിയെത്തി. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് പ്രധാന പ്രശ്നമായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിൽ പ്ലാസ്റ്ററിങ് അടർന്ന് വീഴുന്നത് ജീവനക്കാരെ ഉൾപ്പെടെ ആശങ്കയിലാഴ്ത്തുകയാണ്. എപ്പോഴും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും ആശുപത്രി ജീവനക്കാരും കടന്നുപോകുന്ന വഴിയാണിത്. ഈ വാർഡിൽ പലയിടത്തും കോൺക്രീറ്റ് പാളികൾ എതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇതിലെ ആശങ്കയിലാണ് അമ്മമാരും കൂട്ടിരിപ്പുകാരും ജീവനക്കാരും. ജില്ലയിലെ പ്രധാന ആശുപത്രിയെന്ന നിലയിൽ നിരവധി പേരാണ് നിത്യേന ഇവിടെ പ്രസവത്തിനും ചികിത്സതേടിയും എത്തുന്നത്.
എന്നാൽ, കാലപ്പഴക്കമുള്ള ഈ കെട്ടിടങ്ങൾക്ക് മതിയായ അറ്റകുറ്റപ്പണി ഉൾപ്പെടെ നടത്തുന്നില്ലെന്നതാണ് സത്യം.
അപകടക്കെണിയൊരിക്കിയുള്ള ഈ കെട്ടിടങ്ങളിൽ മാറ്റംവരണമെന്ന ആവശ്യം വർഷങ്ങൾ പഴക്കമുള്ളതാണെങ്കിലും ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.