കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും ധാരണയിലെത്തി. ദിവസങ്ങളായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണ രൂപപ്പെട്ടത്. ജില്ല പഞ്ചായത്തില്‍ ജോസഫ് വിഭാഗം ഒന്‍പത് സീറ്റിൽ മത്സരിക്കുമെന്ന് എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണനും മോൻസ് ജോസഫും വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈക്കം, വെള്ളൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കങ്ങഴ, തൃക്കൊടിത്താനം, കിടങ്ങൂർ, അതിരമ്പുഴ ഡിവിഷനുകളിലാകും കേരള കോൺഗ്രസ് മത്സരിക്കുക. ശേഷിക്കുന്ന 13 സീറ്റുകളിൽ ആരൊക്കെയെന്നത് സംബന്ധിച്ച് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്ന് തിരുവഞ്ചൂർ പറഞ്ഞു. എരുമേലി ഡിവിഷൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം സംബന്ധിച്ച് തെരഞ്ഞെടുപ്പിനുശേഷം തീരുമാനമെടുക്കും. ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തിലും ധാരണയിലെത്തിയിട്ടുണ്ട്. മറ്റ് ഘടകകക്ഷികളുമായി ചർച്ച നടത്തിയശേഷം താഴെതലത്തിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ജോഷി ഫിലിപ്പ്, ജോയ് എബ്രഹാം, ജോസി സെബാസ്റ്റ്യൻ, സജി മഞ്ഞക്കടമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.
സംയുക്ത കേരള കോൺഗ്രസ് കഴിഞ്ഞ തെരെഞ്ഞടുപ്പിൽ മത്സരിച്ച 11 സീറ്റുകളും വേണമെന്നായിരുന്നു ജോസഫിെൻറ ആവശ്യം. എന്നാൽ, കോൺഗ്രസ് നിലപാട് ശക്തമാക്കിയതോടെ 10, പിന്നീട് ഒമ്പത് സീറ്റ് എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.