കോട്ടയം: വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിൽ നിലാവ് തെരുവുവിളക്ക് പദ്ധതി റദ്ദാക്കാനുള്ള ആലോചനയിൽ നഗരസഭ. ഇതുവരെ എത്ര ലൈറ്റുകൾ സ്ഥാപിച്ചെന്ന കണക്കെടുത്ത ശേഷം ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു.
കെ.എസ്.ഇ.ബിയുടെയും നഗരസഭയുടെയും ഓവർസിയർമാരും കൗൺസിലർമാരും ചേർന്ന് സ്ഥലപരിശോധന നടത്തി പോസ്റ്റുകളുടെ എണ്ണമെടുക്കും. വിളക്കുകളുടെ പരിപാലനത്തിന് ടെൻഡർ വിളിക്കാനും തീരുമാനമായി. 30 പാക്കേജിലായി 15,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാനാണ് കെ.എസ്.ഇ.ബിയുമായി നഗരസഭ കരാർ ഉണ്ടാക്കിയിരുന്നത്.
കേടുവന്നവ മാറ്റാൻ അഞ്ചു ശതമാനത്തിന്റെ കരുതൽ ശേഖരവും നൽകണം. ഇതിൽ 9848 എണ്ണം സ്ഥാപിച്ചു. എന്നാൽ, പല വാർഡുകളിലും വ്യത്യസ്ത എണ്ണം വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ കൗൺസിലർമാർ കൗൺസിലിൽ ഉന്നയിച്ചിട്ടുള്ളതാണ്. മാത്രമല്ല, സ്ഥാപിച്ചവയുടെ എണ്ണം സംബന്ധിച്ച് കെ.എസ്.ഇ.ബി നൽകിയ കണക്കും നഗരസഭ കണക്കും തമ്മിൽ അന്തരവുമുണ്ട്.
പോസ്റ്റ് നമ്പർ നൽകിയിട്ടും വാർഡുകളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടില്ല. കേടുവന്നവ മാറ്റിയിട്ടുമില്ല. ബൾബ് സ്റ്റോക്കില്ലെന്നാണ് കെ.എസ്.ഇ.ബിയിൽനിന്നുള്ള മറുപടി.
നാഗമ്പടം ബസ്സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, മാർക്കറ്റ്, പഴയ സെമിനാരി, ശാസ്ത്രി റോഡ് തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളടക്കം ഇരുട്ടിലാണ്.
ഈ സാഹചര്യത്തിൽ പദ്ധതി റദ്ദാക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് വൈസ് ചെയർമാൻ ബി. ഗോപകുമാർ ആവശ്യപ്പെട്ടു. വിളക്കുകളുടെ പരിപാലനച്ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. കെ.എസ്.ഇ.ബി മുഖേനയോ കരാർ നൽകിയോ പരിപാലനം നടപ്പാക്കാം.
കെ.എസ്.ഇ.ബിയെ ഏൽപിക്കുകയാണെങ്കിൽ ലേബർ ചാർജായി ഒരു പോസ്റ്റിന് 166 രൂപയും 18 ശതമാനം ജി.എസ്.ടിയും നൽകണം. ഇത് നഷ്ടമായതിനാലാണ് കരാർ നൽകാൻ തീരുമാനിച്ചത്. കരാറിലെ വ്യവസ്ഥകൾ അടുത്ത കൗൺസിലിൽ വെക്കുമെന്ന് പെയർപേഴ്സൻ ബിൻസി സെബാസ്റ്റ്യൻ അറിയിച്ചു.
കെ.ആർ. സോന, ദിവ്യ സുജിത്, കെ. ശങ്കരൻ, ജാൻസി ജേക്കബ്, ടി.സി. റോയ്, എൻ. ജയചന്ദ്രൻ, സിൻസി പാറേൽ, ബിജുകുമാർ പാറക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.