കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ കെ.വി. ബിന്ദുവിനെ തെരഞ്ഞെടുത്തു. സി.പി.ഐയിലെ അഡ്വ. ശുഭേഷ് സുധാകരനാണ് വൈസ് പ്രസിഡന്റ്. എൽ.ഡി.എഫിലെ ധാരണപ്രകാരം കേരള കോൺഗ്രസ് എമ്മിലെ നിർമല ജിമ്മി പ്രസിഡന്റ് സ്ഥാനവും സി.പി.എം പ്രതിനിധി ടി.എസ്. ശരത് വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചതിനെത്തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഏഴ് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ.വി. ബിന്ദു തെരഞ്ഞെടുക്കപ്പെട്ടത്. കെ.വി. ബിന്ദുവിന് 14 വോട്ടും എതിർസ്ഥാനാർഥി കോൺഗ്രസിലെ രാധ വി. നായർക്ക് ഏഴ് വോട്ടും ലഭിച്ചു. ജനപക്ഷം പ്രതിനിധി ഷോൺ ജോർജ് രണ്ട് വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു. കലക്ടർ ഡോ. പി.കെ. ജയശ്രീ വരണാധികാരിയായി. കുമരകം ഡിവിഷനിൽനിന്നുള്ള ജില്ല പഞ്ചായത്ത്അംഗമാണ് കെ.വി. ബിന്ദു. ഒന്നരപതിറ്റാണ്ടിനുശേഷമാണ് സി.പി.എമ്മിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. 2006ൽ കെ.പി. സുഗുണൻ പ്രസിഡന്റായ ശേഷം ആദ്യമായാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റായി സി.പി.എം പ്രതിനിധിയെത്തിയത്. അന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പും കേരള കോൺഗ്രസ് സെക്കുലറും എൽ.ഡി.എഫിനൊപ്പമായിരുന്നു.
ഡിവൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ബിന്ദു, ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.
കുമരകം ഭവനനിർമാണ സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗമായിരുന്നു. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം, കുമരകം ഗ്രാമപഞ്ചായത്ത് അംഗം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ആദ്യതവണയാണ് ജില്ല പഞ്ചായത്ത് അംഗമായത്. ഉച്ചക്ക് നടന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അഡ്വ. ശുഭേഷ് സുധാകരൻ ഏട്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ശുഭേഷ് സുധാകരന് 14 വോട്ടും എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ജോസ്മോൻ മുണ്ടയ്ക്കലിന് ആറ് വോട്ടുമാണ് ലഭിച്ചത്. ഒരു വോട്ട് അസാധുവായി. കോൺഗ്രസിലെ രാധ വി. നായരുടെ വോട്ടാണ് അസാധുവായത്. ബാലറ്റ് പേപ്പറിന് പിന്നിൽ പേര് എഴുതി ഒപ്പിടാത്തതിനെ തുടർന്ന് വോട്ട് അസാധുവാകുകയായിരുന്നു.എരുമേലി ഡിവിഷനിൽനിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ശുഭേഷ് സുധാകരൻ. എ.ഐ.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറി, എ.ഐ.വൈ.എഫ് മുൻ സംസ്ഥാന ജോയന്റ് സെക്രട്ടറി, കെ.എസ്.ഐ.ഇ മുൻ ഡയറക്ടർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്ത്അംഗമായിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 22 അംഗ ജില്ല പഞ്ചായത്ത് സമിതിയിൽ എൽ.ഡി.എഫ്- 14, യു.ഡി.എഫ്- ഏഴ്, ജനപക്ഷം- ഒന്ന് എന്നതാണ് കക്ഷിനില. എൽ.ഡി.എഫ് ധാരണപ്രകാരം ആദ്യ രണ്ടുവർഷം കേരള കോൺഗ്രസിനായിരുന്നു ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. ഇനി രണ്ടുവർഷം സി.പി.എം പ്രതിനിധിയും അവസാന വർഷം സി.പി.ഐ പ്രതിനിധിയും പ്രസിഡന്റാകും. വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടുവർഷം സി.പി.എമ്മിനായിരുന്നു. അടുത്ത ഒരുവർഷം സി.പി.ഐക്കും അവസാന രണ്ടുവർഷം കേരള കോൺഗ്രസ് എമ്മിനുമാണ് വൈസ് പ്രസിഡന്റ് പദവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.