കോട്ടയം: ഉരുൾപൊട്ടലിലും മഴക്കെടുതിയിലും പൂർണമായും ഭാഗികമായും തകർന്ന വീടുകളുടെ നാശനഷ്ടം കണക്കാക്കിയുള്ള അന്തിമ റിപ്പോർട്ട് നവംബർ 30നകം നൽകണമെന്ന് മന്ത്രി വി.എൻ. വാസവൻ.
മഴക്കെടുതി നേരിട്ട പ്രദേശങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ കലക്ടറേറ്റിൽ കൂടിയ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് പരമാവധി സഹായം ലഭ്യമാകുന്നവിധം അന്തിമ റിപ്പോർട്ട് തയാറാക്കണം.
ജനപ്രതിനിധികളും റവന്യൂ, തദ്ദേശസ്വയംഭരണവകുപ്പ് എൻജിനീയർമാരും സംയുക്തമായി പരിശോധിച്ച് വീടുകളുടെ നാശനഷ്ടം വിലയിരുത്തി തർക്കരഹിത റിപ്പോർട്ട് നൽകണം. റോഡുകളും പാലങ്ങളും ഗതാഗതയോഗ്യമാക്കാനുള്ള എസ്റ്റിമേറ്റ് നവംബർ 30നകം നൽകാനും മന്ത്രി പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. വിവിധ വകുപ്പുകൾ നാശനഷ്ടം സംബന്ധിച്ച അന്തിമ റിപ്പോർട്ട് 30നകം നൽകണം.
വീടുകളുടെ നാശനഷ്ടം വിലയിരുത്തുന്നതിന് തദ്ദേശസ്വയംഭരണ എൻജിനീയർമാരുടെ സേവനം ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നതിന് ദുരിതബാധിത മേഖലയിൽ പ്രത്യേക അദാലത് നടത്തുമെന്ന് എം.ജി സർവകലാശാല അറിയിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കലക്ടർ ഡോ. പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.