കോട്ടയം: വാഹനയാത്രികർക്ക് മീതെ അപകടമുയർത്തി റോഡരികിലെ തണൽമരങ്ങൾ. എം.സി റോഡിൽ നാട്ടകം ഗവ. പോളി ടെക്നിക് കോളജിലെ തണൽമരങ്ങളാണ് ഭീഷണിയാകുന്നത്. കെ.എസ്.ഇ.ബി അധികൃതർ ഇടപെട്ട് മരങ്ങൾ അടിയന്തിരമായി വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കോളജിന് കത്ത് നൽകിയെങ്കിലും ഇതുവരെ യാതൊരുനടപടിയും ഉണ്ടായില്ല. കൂടാതെ മരത്തിന്റെ പല ശിഖരങ്ങളും വൈദ്യുതിലൈനിൽ തട്ടി റോഡിൽ വീണുകിടക്കുന്നുമുണ്ട്.
അപകടഭീഷണിയായ മരങ്ങൾ പൂർണമായും വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് പോളി അധികാരികൾക്കും അവർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി അസി. എൻജിനീയർക്കും പൊതുപ്രവർത്തകൻ ഷാനവാസ് നൽകിയ കത്തിന് ദേശീയപാത അധികാരികളാണ് വെട്ടിമാറ്റേണ്ടതെന്നാണ് ലഭിച്ച മറുപടി. തുടർന്ന് ദേശീയപാത കൊല്ലം ഡിവിഷനിൽ അന്വേഷിച്ചപ്പോൾ പോളി അധികാരികൾ തന്നെ വെട്ടിമാറ്റണമെന്ന് മറുപടി നൽകി.
എന്നാൽ പരാതിക്ക് വേണ്ടത്ര ഗൗരവം നൽകാതെ പോളി അധികാരികൾ അനാസ്ഥ കാട്ടുകയാണെന്നാണ് ആക്ഷേപം. മരങ്ങൾ അടിയന്തിരമായി വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി ഒന്നരമാസത്തിന് ശേഷവും യാതൊരു നടപടിയും സ്വീകരിക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പരാതിയുണ്ട്.
രണ്ടുമാസം മുമ്പുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുലർച്ചെ പോർട്ട് റോഡിലെ വലിയ തേക്ക് മരം റോഡിലേക്ക് വീണിരുന്നു. ആൾ സഞ്ചാരം കുറവായതിനാലാണ് വൻ അപകടം ഒഴിവായത്. കാറ്റും മഴയുമുള്ള സാഹചര്യത്തിൽ മരച്ചില്ലകൾ വൈദ്യുതിലൈനിലേക്ക് വീണ് കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ടാകുന്നുണ്ട്. രാത്രികാലങ്ങളിൽ ദീർഘദൂര ഭാരവാഹനങ്ങളിലെ ഡ്രൈവർമാർ വിശ്രമിക്കാൻ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് എം.സി റോഡരികുകളാണ്. ഇവിടെയും അപകടഭീഷണി ഉയർത്തുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ജനങ്ങളുടെ സുരക്ഷക്കും കെ.എസ്.ഇ.ബിക്ക് ഉണ്ടാക്കുന്ന നഷ്ടങ്ങൾ കുറക്കുന്നതിനുമായി മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.