കോട്ടയം: വേനൽ മഴ ആരംഭിച്ച സാഹചര്യത്തിൽ ഡെങ്കിപ്പനി പടരാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ മുന്നറിയിപ്പ് നൽകി. ഏപ്രിലിൽ കോട്ടയം നഗരസഭപരിധിയിൽ മൂന്നുപേർക്കും പനച്ചിക്കാട്, ചിറക്കടവ്, മുണ്ടക്കയം പഞ്ചായത്തുകളിൽ രണ്ടുപേർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഉദയനാപുരം, അയർക്കുന്നം, കൂരോപ്പട, മീനടം, ചങ്ങനാശ്ശേരി, കങ്ങഴ, എരുമേലി എന്നിവിടങ്ങളിലും ഒരാൾക്ക് വീതം രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കഴിഞ്ഞ ഒരുമാസം ഡെങ്കിപ്പനി സംശയത്തോടെ 85 പേർ ചികിത്സ തേടി. കോട്ടയം നഗരസഭ (21), ഉദയനാപുരം (13), കാഞ്ഞിരപ്പള്ളി (10), ചങ്ങനാശ്ശേരി (8) എന്നിവിടങ്ങളിലാണ് ഇത്തരത്തിൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വൈറൽപനിയുടെ ലക്ഷണങ്ങൾക്ക് സമാനമാണ് ഡെങ്കിപ്പനിക്കും. തീവ്രമായ പനി, ഛർദി, വിളർച്ച, അമിതമായ ക്ഷീണം, തലകറക്കം എന്നിവയെല്ലാം ഉണ്ടാകും. കൂടാതെ കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷണങ്ങളുമുണ്ട്.
ഈഡിസ് കൊതുകുകളാണ് ഡെങ്കി വൈറസ് പരത്തുന്നത്. കൊതുക് വളരാതിരിക്കാൻ വീട്ടിലും പരിസരത്തും വെള്ളം കെട്ടിനിൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണം. ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത് പ്രധാനമായും ചെറുപാത്രങ്ങളിലാണ്. ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളം ആഴ്ചതോറും നീക്കംചെയ്യുക. ശുദ്ധജലത്തിലാണ് ഈഡിസ് കൊതുകുകൾ മുട്ടയിടുന്നത്. അതുകൊണ്ട് ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
രോഗലക്ഷണം കണ്ടാൽ ഉടൻ തന്നെ ചികിത്സ തേടുക. വിശ്രമമാണ് പ്രധാന ചികിത്സ. അതുപോലെ വെള്ളം, മറ്റു പാനീയങ്ങൾ എന്നിവ കുടിക്കുന്നതും പ്രധാനമാണ്. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായമാകും. രക്തത്തിലെ പ്ലേറ്റ്ലെറ്റ് നില പരിശോധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.