കോട്ടയം: റെയില്‍വേ സ്റ്റേഷന്‍റെ ഗുഡ്ഷെഡ് ഭാഗത്തുനിന്നുള്ള രണ്ടാം കവാടം ആഗസ്റ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി അറിയിച്ചു. കോട്ടയത്ത് നടന്ന അവലോകനയോഗത്തില്‍ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ സചീന്ദര്‍ എം.ശര്‍മ ഇക്കാര്യം ഉറപ്പുനല്‍കിയതായി എം.പി അറിയിച്ചു. ഇതോടനുബന്ധിച്ച പാര്‍ക്കിങ് സൗകര്യങ്ങളും നിര്‍മാണം പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എം.പിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. അഞ്ചു ഫ്ലാറ്റ്‌ഫോമുകളെയും ബന്ധിപ്പിക്കുന്ന പുതിയ ഫുട്ട് ഓവര്‍ബ്രിഡ്ജിനും അനുബന്ധമായി എസ്‌കലേറ്ററുകള്‍ നിര്‍മിക്കുന്നതിനുമായി ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അടുത്തവര്‍ഷം ജനുവരിയോടെ ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും ഉദ്യോഗസ്ഥര്‍ എം.പിക്ക് ഉറപ്പുനല്‍കി.
ആർ.പി.എഫ് ഓഫിസിന് സമീപത്ത് കൂടുതല്‍ പാര്‍ക്കിങ്ങിനുള്ള സൗകര്യം ഒരുക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ നിലവില്‍ ഉപയോഗശൂന്യമായ കോട്ടയത്തെ ചരിത്രപ്രാധാന്യമുള്ള രണ്ട് തുരങ്കങ്ങള്‍, പൈതൃക സ്മാരകമായി സംരക്ഷിച്ചു നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാക്കുന്നതിനുമുള്ള പദ്ധതി ആവിഷ്‌കരിക്കണം. സ്റ്റേഷനിലെ പ്ലാറ്റുഫോമുകള്‍ക്ക് പൂര്‍ണമായും മേല്‍ക്കൂര നിര്‍മിക്കണമെന്നും കൂടുതല്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.
നിലവില്‍ ആഴ്ചയിലൊരിക്കല്‍ സ്‌പെഷല്‍ ട്രെയിനായി സര്‍വിസ് നടത്തുന്ന എറണാകുളം- വേളാങ്കണ്ണി എക്‌സ് പ്രസ് റെഗുലര്‍ ട്രെയിനാക്കി ആഴ്ചയില്‍ മൂന്നുദിവസം സര്‍വിസ് നടത്തണമെന്നും, ആഴ്ചയില്‍ രണ്ടുദിവസം സര്‍വിസ് നടത്തുന്ന കൊച്ചുവേളി- ലോകമാന്യ തിലക് സൂപ്പര്‍ ഫാസ്റ്റ് എക്‌സ് പ്രസ് പ്രതിദിന സര്‍വിസ് ആക്കണമെന്നും, തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ വാരാന്ത്യ സൂപ്പര്‍ഫാസ്റ്റ് സര്‍വിസ് ആരംഭിക്കണമെന്നും, ബംഗളൂരു റൂട്ടിലെ തിരക്ക് പരിഗണിച്ച് പുതിയ ട്രെയിന്‍ ആരംഭിക്കണമെന്നും, തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ് പ്രസിന് പുതിയ എൽ.എച്ച്.ബി കോച്ചുകള്‍ അനുവദിക്കണമെന്നും, കോട്ടയം-എറണാകുളം റൂട്ടില്‍ കൂടുതല്‍ മെമു സര്‍വിസുകള്‍ തുടങ്ങണമെന്നും യോഗത്തില്‍ എം.പി ആവശ്യപ്പെട്ടു.
യോഗത്തില്‍ ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ സജീന്ദ്രര്‍ ശര്‍മ, സീനിയര്‍ ഡിവിഷനല്‍ ഓപറേറ്റിങ് മാനേജര്‍ വിജു വി.എന്‍, സീനിയര്‍ ഡിവിഷനല്‍ എന്‍ജിനീയര്‍ അരുണ്‍, ചീഫ് എൻജിനീയര്‍ (കണ്‍സ്ട്രക്ഷന്‍) രാജഗോപാല്‍, ഡിവിഷനല്‍ കോമേഴ്സ്യല്‍ മാനേജര്‍ സുനില്‍ കുമാര്‍, സ്റ്റേഷന്‍ മാനേജര്‍ ബാബു തോമസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.