കോട്ടയം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽനിന്ന് വിൽക്കരുതെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ നിർദേശിച്ചു.
സർക്കാർ മേഖലയിലെ കാരുണ്യ, നീതി, ജൻ ഔഷധി തുടങ്ങിയവയും സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രി ഫാർമസി തുടങ്ങിയവയും ഇതുപാലിക്കണം. ഇതിനായി ജില്ല ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ(എ.കെ.സി.ഡി.എ.) എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കും. നിർദേശം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും.
ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്ന മരുന്നു കവറുകളിൽ ആന്റിബയോട്ടിക് ഉപയോഗത്തിൽ പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച സന്ദേശമടങ്ങുന്ന ചുവന്ന നിറത്തിലുള്ള സീൽ പതിപ്പിക്കണം. സ്വകാര്യ മെഡിക്കൽ സ്റ്റോറുകൾക്കു വിതരണം ചെയ്യാനുള്ള 750 റബർ സീലുകൾ ജില്ല മെഡിക്കൽ ഓഫിസർ എ.കെ.സി.ഡി.എ പ്രസിഡന്റ് കെ. ജോസഫ് സെബാസ്റ്റ്യന്‍ നൽകി ഉദ്ഘാടനം ചെയ്തു.
ജില്ല രോഗനിരീക്ഷണ ഓഫിസർ ഡോ. സി.ജെ. സിതാര, മാസ് മീഡിയ ഓഫിസർ ഡോമി ജോൺ, ഡ്രഗ് ഇൻസ്പെക്ടർമാരായ സി.ഡി. മഹേഷ്, ജമീല ഹെലൻ ജേക്കബ്, എൻ.ജെ. ജോസഫ്, എ.കെ.സി.ഡി.എ. ജില്ല കമ്മിറ്റി അംഗം അനീഷ് എബ്രഹാം, താലൂക്ക് കൺവീനർ ശൈല രാജൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.