കോട്ടയം: വോട്ടിലേക്ക് ഇനി എട്ടുനാൾ മാത്രം ശേഷിക്കെ, പ്രചാരണം അത്യാവേശത്തിലേക്ക്. സ്ഥാനാർഥികൾ വാഹന പര്യടനത്തിൽ മുഴുകുമ്പോൾ, മുന്നണികൾക്കായി വിവിധ സ്ക്വാഡുകൾ വീടുകൾ കയറുന്ന തിരക്കിലാണ്. കുടുംബസംഗമങ്ങളും സജീവമാണ്. ഇതിനൊപ്പം ദേശീയ നേതാക്കളും കളംനിറയുന്നു.
യു.ഡി.എഫിനായി രാഹുൽ ഗാന്ധി വ്യാഴാഴ്ച കോട്ടയത്തെത്തും. എൻ.ഡി.എക്കായി വെള്ളിയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുമെത്തും. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷണി അലി വെള്ളിയാഴ്ച കുമരകം, കുടമാളൂർ, നാട്ടകം എന്നിവിടങ്ങളിലെ എൽ.ഡി.എഫ് പൊതുയോഗങ്ങളിൽ പങ്കെടുക്കും.
കോട്ടയം: പിറവം നിയോജകമണ്ഡലത്തിൽ രണ്ടാംഘട്ട വാഹന പര്യടനവുമായി കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കെ. ഫ്രാൻസിസ് ജോർജ്. പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
ബുധനാഴ്ച രാവിലെ തിരുവാങ്കുളം ഇരുമ്പനം ട്രാക്കോ കേബിൾ ജങ്ഷനിൽ ആരംഭിച്ച പര്യടനം പേടിക്കട്ട് ക്വാറി, കർഷക കോളനി, ഭാസ്കരൻ കോളനി തുടങ്ങി വിവിധ പ്രദേശങ്ങൾ കടന്ന് തിരുവാങ്കുളം ജങ്ഷനിലെത്തി. മുളന്തുരുത്തി ചങ്ങോലപ്പാടം കോളനി, ആമ്പല്ലൂർ ലക്ഷംവീട് കോളനി എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി. ചിഹ്നമായ ഓട്ടോറിക്ഷകളുടെ നീണ്ട നിരയും പര്യടനത്തിനൊപ്പം സജ്ജീകരിച്ചിരുന്നു.
കോട്ടയം: കർമമണ്ഡലത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി എൽ.ഡി.എഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ. സ്വീകരണകേന്ദ്രങ്ങളിലെ ജനക്കൂട്ടവും തെളിയിക്കുന്നത് ഇത്തവണ ഭൂരിപക്ഷം ഇരട്ടിയാകും എന്നുതന്നെ.
ഏറ്റുമാനൂരിന്റെ മണ്ണിലൂടെ പ്രിയപ്പെട്ടവർ നൽകിയ സമ്മാനങ്ങൾ സ്വീകരിച്ച് പര്യടനം പൂർത്തിയാക്കുമ്പോൾ ഇടതു ക്യാമ്പിനും ആത്മവിശ്വാസം ഇരട്ടിയാണ്.അന്ത്യമഹാകാളൻകാവിൽ മുൻ എം.പി സുരേഷ് കുറുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തു. കോട്ടയത്തിന്റെ വികസന നായകന് ഒരവസരംകൂടി നൽകണമെന്ന് സുരേഷ് കുറുപ്പിന്റെ ആഹ്വാനം ചെയ്തു. തുടർന്ന് വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്ക്.
ഓരോ സ്വീകരണകേന്ദ്രത്തിലും പൂക്കളും പഴങ്ങളുമായി സ്ത്രീകളടക്കമുള്ളവരുടെ വൻനിര സ്ഥാനാർഥിയെ കാത്തുനിന്നു. എല്ലാവരുടെയും സ്വീകരണം ഏറ്റുവാങ്ങി കുശലം പറഞ്ഞ് വോട്ടുറപ്പിച്ച് സ്ഥാനാർഥി മുന്നേറി. പര്യടനം പ്രാവട്ടത്ത് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.